സംഘടിതമായ അക്രമങ്ങൾ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമം: കാനം
കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സംഭവം നിസാരവൽക്കരിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ശ്രമം അപലപനീയമാണ്.
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ പൈശാചിക സംഭവത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിഷേധം രേഖപ്പെടുത്തി. കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സംഭവം നിസാരവൽക്കരിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ശ്രമം അപലപനീയമാണ്.
തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോൺഗ്രസ് അക്രമികൾ തിരഞ്ഞെടുത്തത് കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സംഘടിതമായ അക്രമങ്ങൾ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ശ്രമം.
ജനങ്ങളിൽ നിന്നും അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിനും യുഡിഎഫിനും കൊലപാതകം നടത്തിയും കലാപം സൃഷ്ടിച്ചും രക്ഷപെടാനാവില്ല. ഇത്തരം പൈശാചിക സംഭവങ്ങൾക്ക് എതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.