കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കലിനും ആര്‍ ശ്രീരാജിനുമെതിരേ കേസ്

Update: 2023-11-08 05:31 GMT
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ എറണാകുളം തൃക്കാക്കര പോലിസ് കേസ് എടുത്തു. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടികാട്ടി പി.ഡി.പി. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല നല്‍കിയ പരാതിയില്‍ ആണ് കേസ് എടുത്തത്. കളമശ്ശേരി സ്‌ഫോടനം നടന്ന ദിവസം മഅ്ദനിയുടെ ചിത്രം വെച്ച് അപകീര്‍ത്തികരമായ പരാമര്‍ശം പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തില്‍ നാലുപേരാണ് മരിച്ചത്. രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലിസ് കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകന്‍ വേണ്ടെന്ന നിലപാടിലാണ് ഡൊമിനിക് മാര്‍ട്ടിന്‍. പോലിസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞു.

അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാര്‍ട്ടിനെ കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്. പോലിസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കി.


Tags: