കടവൂര്‍ ജയന്‍ വധക്കേസ്: ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും ഇന്നു രാവിലെ അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

Update: 2020-02-10 09:30 GMT

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം. പ്രതികള്‍ ഓരോലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും ഇന്നു രാവിലെ അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

ആർഎസ്എസ് വിട്ടതിന്റെ വൈരാഗ്യത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് ജയനെ കൊലപ്പെടുത്തിയത്. ഈ കൊലക്കേസില്‍ ഒമ്പതു പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

പ്രതികള്‍ കോടതിയില്‍ ഹാജരല്ലാത്തതിനാല്‍ ജാമ്യം കോടതി റദ്ദ് ചെയ്യുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാല സദനത്തില്‍ ഷിജു(ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ്(രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്ത് വീട്ടില്‍ സുബ്രഹ്മണ്യന്‍, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍(ഹരി) എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു.

സംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ ആര്‍എസ്എസുകാരനായിരുന്ന ജയനെ പ്രതികള്‍ 2012 ഫെബ്രുവരി ഏഴിന് കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍വച്ച് പട്ടാപ്പകല്‍ മാരകായുധങ്ങളുമായി വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാവശ്യപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അഡ്വക്കേറ്റ് പ്രതാപചന്ദ്രന്‍ പിള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തോടൊപ്പം പബ്ലിക് പ്രോസിക്യൂട്ടര്‍ മഹേന്ദ്രയും അഡ്വക്കേറ്റ് വിഭുവും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

പ്രതികള്‍ ഹൈക്കോടതി മുന്‍പാകെ മൂന്നു ഹര്‍ജികള്‍ പലപ്പോഴായി ഫയല്‍ ചെയ്തു താത്കാലിക സ്റ്റേ വാങ്ങിയതിനാല്‍ വിചാരണ പലപ്പോഴും നിറുത്തി വയ്‌ക്കേണ്ടി വന്നു. എന്നാല്‍ സ്റ്റേ ഹര്‍ജികള്‍ എല്ലാം തള്ളിയതിനെ തുടര്‍ന്നാണ്‌ വിചാരണ പൂര്‍ത്തിയാക്കി 7 വര്‍ഷത്തിനു ശേഷം വിധി പറയുന്നത്.

Tags:    

Similar News