കടലുണ്ടി-പൂരപ്പറമ്പ് റോഡ് തകര്‍ച്ച: എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുന്നു

ഉപരോധം കാരണം കോഴിക്കോട്-തിരൂര്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Update: 2019-11-30 06:46 GMT

പരപ്പനങ്ങാടി: പൂരപ്പറമ്പ്-കടലുണ്ടി റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ച് സ്ഥലം എംഎല്‍എ പി കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ യുഡിഎഫ് റോഡ് ഉപരോധം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഉപരോധസമരം ആരംഭിച്ചത്.

പൊട്ടിപ്പൊളിഞ്ഞു താറുമാറായ പരപ്പനങ്ങാടി കടലുണ്ടി റോഡ് നിര്‍മ്മാണത്തിന്റെയും കടലാക്രമണത്തില്‍ തകര്‍ന്ന ചാപ്പപ്പടി റോഡിന്റെയും കാര്യത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്നു സ്ഥലം എംഎല്‍എ പി കെ അബ്ദുറബ്ബ് പറഞ്ഞു. കടലുണ്ടി റോഡിന്റെ കാര്യത്തില്‍ രണ്ടു നിയോജക മണ്ഡലങ്ങളിലായി നാലു കോടി രൂപയുടെ വര്‍ക്കിനായി ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ എടുക്കാന്‍ ആളുണ്ടായിരുന്നില്ല. റീ ടെന്‍ഡര്‍ വെച്ചതിനു ശേഷം സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്തിട്ടുള്ളത് എന്നാല്‍ 14 ശതമാനം അധികം കോട്ടു ചെയ്തത് കാരണം അനുമതിയുടെ പേര് പറഞ്ഞു വര്‍ക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതെ സമയം ഭരണപക്ഷ മണ്ഡലങ്ങളില്‍ ടെന്‍ഡര്‍ ഇല്ലാതെ നേരിട്ട് വര്‍ക്ക് ഊരാലുങ്ങല്‍ സൊസൈറ്റിക്ക് നല്‍കുകയും ചെയ്യുന്നു. ഇത് തീര്‍ച്ചയായും വിവേചനം ആണ്. സാധാരണ ഗതിയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസമനുഭവിക്കുന്ന ഒരു റോഡ് എന്ന നിലക്ക് സര്‍ക്കാരിന് പെട്ടെന്നുതന്നെ വര്‍ക്ക് നടത്താന്‍ നടപടി സ്വീകരിക്കാമെന്നിരിക്കെ എംഎല്‍എ യുടെ കഴിവ് കേടായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നു എംഎല്‍എ കുറ്റപ്പെടുത്തി. ടെന്‍ഡര്‍ പോലുമില്ലാതെയാണ് പരപ്പനങ്ങാടി നാടുകാണി പാത നിര്‍മ്മാണം പുരോഗമിക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ നടക്കുന്ന റോഡ് ഉപരോധിക്കുന്നത്സമരം അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി ഒ സലാം അധ്യക്ഷനായി. സയ്യിദ് പിഎസ്എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, എന്‍ പി ഹംസക്കോയ, സി കെ എ റസാഖ്, ബക്കര്‍ ചെര്‍ന്നൂര്‍, ഹമീദ് മാസ്റ്റര്‍ വള്ളിക്കുന്ന്, ഉമ്മര്‍ ഒട്ടുമ്മല്‍, സി അബ്ദുറഹ്മാന്‍കുട്ടി, വി പി ഖാദര്‍, പുനത്തില്‍ രവി, എം മുഹമ്മദ്കുട്ടി മുന്‍ഷി, ബി പി ഹംസക്കായ, കെ കെ നഹ, വി പി ജമീല ടീച്ചര്‍, എച്ച് ഹനീഫ, വി ടി സുബൈര്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധം കാരണം കോഴിക്കോട്-തിരൂര്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Tags: