കെ ടി ജലീലിന്റെ രാജി ധാര്‍മികതയുടെ പേരിലുള്ളതല്ല: യൂത്ത് കോണ്‍ഗ്രസ്

Update: 2021-04-13 16:28 GMT

തിരുവനന്തപുരം: ലോകായുക്തയുടെ പരാമര്‍ശം വന്ന ശേഷമുള്ള മന്ത്രി കെ ടി ജലീലിന്റെ രാജി ധാര്‍മികതയുടെ പേരില്‍ അല്ലെന്നും നിക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ചെയ്തതാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. അല്‍പമെങ്കിലും ധാര്‍മികത ഉണ്ടായിരുന്നുവെങ്കില്‍ ഈ വിവാദങ്ങള്‍ ഉണ്ടായ സമയത്തോ അല്ലെങ്കില്‍ ആരോപണത്തിന് അടിസ്ഥാനമായ അനധികൃതമായി ജോലിയില്‍ പ്രവേശിച്ച വ്യക്തി രാജിവെച്ച സമയത്തോ മന്ത്രി രാജിക്ക് തയ്യാറാകണമായിരുന്നു. ഇവിടെ കെ ടി ജലീല്‍ അവസാന വഴിയും തേടി ഹൈക്കോടതിയില്‍ വരെ സമീപിച്ചിട്ടും മറിച്ചൊരു നിരീക്ഷണമുണ്ടാവില്ലെന്ന വസ്തുത മനസ്സിലാക്കിയപ്പോഴാണ് രാജിക്ക് തയ്യാറായത്.

തുടക്കം മുതലെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്. ഇതേ മന്ത്രിസഭയില്‍ മുമ്പ് രാജിവച്ച മന്ത്രിമാര്‍ക്ക് ഒന്നും നല്‍കാത്ത പരിഗണന മുഖ്യമന്ത്രി കെ ടി ജലീലിന് മാത്രം നല്‍കിയത് ഇത്തരം പ്രവര്‍ത്തനങ്ങളിലെ മുഖ്യമന്ത്രിയുടെ കൂടി പങ്കില്‍ സംശയമുണ്ടാക്കുന്നതാണ്. കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു. ആ സമരങ്ങളുടെയും പ്രതിപക്ഷ ഇടപെടലുകളുടെയും കൂടി വിജയമാണ് കെ ടി ജലീലിന്റെ രാജിയെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags: