കള്ളപ്പണം ചുട്ടുചാമ്പലാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ കള്ളപ്പണം ഒഴുക്കുന്നു; വി മുരളീധരനും കെ സുരേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണമെന്ന് വിജയരാഘവന്‍

ബിജെപിയെ പിന്തുണച്ച് ചില സമുദായ നേതാക്കള്‍ വോട്ടെടുപ്പ് ദിനത്തില്‍ രംഗത്ത് വന്നിരുന്നു. ബിജെപിയില്‍ നിന്ന് ഇവര്‍ കോടികള്‍ കൈപ്പറ്റിയോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്നും എ വിജയരാഘവന്‍

Update: 2021-06-03 12:51 GMT

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കുഴല്‍പ്പണം കടത്തിയ കേസിലും സികെ ജാനുവിന്റെ പാര്‍ടിയെ ഒപ്പം നിര്‍ത്താന്‍ ലക്ഷങ്ങള്‍ കൈമാറിയത് സംബന്ധിച്ചും ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ബിജെപിയുടെ ജീര്‍ണത എത്രത്തോളമാണെന്നതിന് തെളിവാണ്. ഇത്രയും അധപതിച്ച ഒരു രാഷ്ട്രീയ സംസ്‌കാരം പേറുന്ന പാര്‍ടി കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കുഴല്‍പ്പണം കടത്തും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള അവിഹിത പണമിടപാടും ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കെ സുരേന്ദ്രനും വി മുരളീധരനും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നിരിക്കുന്നത്. കള്ളപ്പണം ചുട്ടുചാമ്പലാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്നവര്‍ കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് കളമൊരുക്കിയത്. ഈ സാഹചര്യത്തില്‍ വി മുരളീധരന് കേന്ദ്രമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല.

വി മുരളീധരനുമായും സുരേന്ദ്രനുമായും അടുപ്പമുള്ളവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കോടികളുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സികെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. ബിജെപിയെ പിന്തുണച്ച് ചില സമുദായ നേതാക്കള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും വോട്ടെടുപ്പ് ദിനത്തിലും രംഗത്ത് വന്നിരുന്നു. ബിജെപി നേതൃത്വത്തില്‍ നിന്ന് ഇവര്‍ കോടികള്‍ കൈപ്പറ്റിയോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

Tags: