വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

Update: 2021-09-18 07:36 GMT

ആലപ്പുഴ: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പത്ത് മണിയോടെയാണ് വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് സുധാകരനെത്തിയത്. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നയാള്‍ വെള്ളാപ്പള്ളിയെ കാണാനെത്തുന്നത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വെള്ളാപ്പള്ളിയുമായി സന്ദര്‍ശനത്തിന് തയ്യാറായിരുന്നില്ല. രമേശ് ചെന്നിത്തലയാണ് ഏറ്റവുമൊടുവില്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിനെ പരസ്യമായി പിന്തുണയ്ക്കുകയും കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വെള്ളാപ്പള്ളിക്കെതിരായ നിലപാടാണ് തുടര്‍ന്നുപോന്നത്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെയും ഇതിനെ പിന്തുണച്ച ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പിനെയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായും സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Tags:    

Similar News