കെ റെയില്‍ :ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭൂമിയേറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് സീറോമലബാര്‍ സഭാ സിനഡ്

വികസനകാര്യത്തിലായാലും പരിസ്ഥിതി സംരക്ഷണത്തിലായാലും ജനസൗഹാര്‍ദപരമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്.ജനങ്ങളെ കേട്ടും അഭിപ്രായങ്ങള്‍ പരിഗണിച്ചും മാത്രമേ വികസനപരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സര്‍ക്കാരുകള്‍ മുന്‍പോട്ടു പോകാവൂ

Update: 2022-01-11 13:51 GMT

കൊച്ചി:കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണെന്ന് സീറോമലബാര്‍ സഭാ സിനഡ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം സഭ മുന്നോട്ടു വയ്ക്കുന്നത്.പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മാനങ്ങള്‍ വിദഗ്ധ പഠനത്തിന് വിധേയമാക്കണം. പദ്ധതിക്കുവേണ്ടി ഭൂമിയും കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അങ്ങേയറ്റം അനുഭാവപൂര്‍വ്വം കണക്കിലെടുക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ, സര്‍വ്വേ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്നും സിനഡ് അഭിപ്രായപ്പെട്ടു. വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വികസന പദ്ധതികളുടെ രൂപീകരണം, വിഭവ വിതരണം, മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ മുതലായവയില്‍ സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതി സംരക്ഷണത്തിലായാലും ജനസൗഹാര്‍ദപരമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ഒരുവശത്ത്, കുടിയേറ്റ മേഖലകളിലെ നിര്‍മ്മാണ നിയന്ത്രണങ്ങളും പരിസ്ഥിതി സംവേദക മേഖലകളുടെ നിശ്ചയിക്കലും ഉള്‍പ്പെടെയുള്ള കഠിന വ്യവസ്ഥകള്‍ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മറുവശത്ത്, കേരളത്തിന്റെ ഭൂപ്രകൃതിയെ പോലും മാറ്റിമറിക്കുമെന്ന് കരുതുന്ന കെ റെയില്‍ പോലുള്ള ബൃഹദ്പദ്ധതികള്‍ സര്‍ക്കാറുകളുടെ നയമായി മാറുന്നു. ജനങ്ങളെ കേട്ടും അഭിപ്രായങ്ങള്‍ പരിഗണിച്ചും മാത്രമേ വികസനപരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സര്‍ക്കാരുകള്‍ മുന്‍പോട്ടു പോകാവൂ എന്നും സിനഡ് ആവശ്യപ്പെട്ടു.

Tags:    

Similar News