ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയ വിധിയെന്ന് കെ മുരളീധരന്‍ എംപി

രാമക്ഷേത്രം നിര്‍മിക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസിനില്ല. എന്നാല്‍, ഇരു വിഭാഗവുമായും ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് എപ്പോഴും അഭിപ്രായപ്പെട്ടിരുന്നത്.

Update: 2019-11-09 13:11 GMT

ദോഹ: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതി ഇന്ന് പ്രഖ്യാപിച്ച വിധി ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമാണെന്ന് കെ മുരളീധരന്‍ എംപി. ഖത്തറില്‍ ഇന്‍കാസ് ഐക്യപ്രഖ്യാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍, രാജ്യത്തിന്റെ വിശാല താല്‍പര്യം പരിഗണിച്ച് അവര്‍ ആത്മസംയമനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പഠിച്ച ശേഷം വിധിയെ കുറിച്ച് കോണ്‍ഗ്രസ് അഭിപ്രായം പറയും. രാമക്ഷേത്രം നിര്‍മിക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസിനില്ല. എന്നാല്‍, ഇരു വിഭാഗവുമായും ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് എപ്പോഴും അഭിപ്രായപ്പെട്ടിരുന്നത്. ശ്രീരാമന്‍ ഉള്ള സ്ഥലമെല്ലാം അയോധ്യയാണ് എന്നതാണ് ഹൈന്ദവ വിശ്വാസം. ഇത് മനസ്സിലാക്കാത്തവരാണ് ഒരു പ്രത്യക സ്ഥലത്തിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ഇന്‍കാസില്‍ സമീപകാലത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ ഏറാമല, ഹൈദര്‍ ചുങ്കത്തറ സംബന്ധിച്ചു.




Tags:    

Similar News