കെ എം ബഷീറിന്റെ മരണം: പോലിസിന്റെ വീഴ്ചകളെ ന്യായീകരിച്ച് പ്രത്യേക അന്വേഷണസംഘം

പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയ്ക്ക് കാലതാമസമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മദ്യലഹരിയിലാണ് ശ്രീറാം കാറോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികളും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും മൊഴി നല്‍കിയിട്ടും ഒമ്പതുമണിക്കൂര്‍ കഴിഞ്ഞ് പോലിസ് രക്തപരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

Update: 2019-08-18 01:51 GMT

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരണപ്പെട്ട കേസില്‍ പോലിസിന്റെ വീഴ്ചകളെ ന്യായീകരിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോര്‍ട്ട്. പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയ്ക്ക് കാലതാമസമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മദ്യലഹരിയിലാണ് ശ്രീറാം കാറോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികളും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും മൊഴി നല്‍കിയിട്ടും ഒമ്പതുമണിക്കൂര്‍ കഴിഞ്ഞ് പോലിസ് രക്തപരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
 

ഇതെത്തുടര്‍ന്ന് കെ എം ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയടക്കം അന്വേഷിക്കുന്നതിനുവേണ്ടിയാണ് ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചത്.

എന്നാല്‍, ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടും പോലിസിനെ പൂര്‍ണമായും വെള്ളപൂശുന്ന റിപോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പോലിസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകാന്‍ കാരണമായതെന്ന വിചിത്രവാദമാണ് അന്വേഷണസംഘം ഉയര്‍ത്തുന്നത്. സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ല. വഫ ഫിറോസിന്റെ രക്തപരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്നാണ് പറഞ്ഞത്. പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂ.

പലതവണ ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തമെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ല. ഒരു അപകടമരണമുണ്ടായാല്‍ പോലിസിന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവാമെന്നിരിക്കെയാണ് അന്വേഷണസംഘത്തിന്റെ പുതിയ വാദഗതികള്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹരജി തളളണമെന്നും പുതിയ റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ മ്യൂസിയം പോലിസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതെത്തുടര്‍ന്ന് മ്യൂസിയം എസ്‌ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ശ്രീറാമിന്റെ രക്തപരിശോധന നടത്തുന്നതിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യാശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമര്‍ശനം.

എന്നാല്‍, കേസ് അട്ടിമറിക്കാനുള്ള പോലിസിന്റെ ശ്രമങ്ങള്‍ പൂര്‍ണമായും റിപോര്‍ട്ടില്‍ മറച്ചുവച്ചിരിക്കുകയാണ്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന റിപോര്‍ട്ട് പരിഗണിച്ചാണ് തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് അന്ന് കോടതി വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസ്, സിഐമാരായ എസ് എസ് സുരേഷ് ബാബു, എ അജി ചന്ദ്രന്‍നായര്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. 

Tags:    

Similar News