ജീവനക്കാരുടെ അശ്രദ്ധ: കൊവിഡ് രോഗി മരിച്ചെന്ന ശബ്‌ദസന്ദേശം പുറത്ത്; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

വെന്‍റിലേറ്റര്‍ ട്യൂബ് മാറി കിടന്നെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചുവെന്നുമാണ് സന്ദേശത്തിലുള്ളത്.

Update: 2020-10-19 04:30 GMT

തിരുവനന്തപുരം: ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചതായുള്ള കളമശേരി മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. സംസ്ഥാനത്തെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ സര്‍ക്കാരിന്‍റെ അനാസ്ഥയാണ് സംഭവത്തിലൂടെ പുറത്തു വന്നതെന്നും സംസ്ഥാനത്ത് കൊവിഡ് പരിചരണം പാളിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏഴ് മിനിറ്റോളമുള്ള ഓഡിയോയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്‌ച കാരണമെന്നാണ് ശബ്ദരേഖയിലുള്ളത്. വെന്‍റിലേറ്റര്‍ ട്യൂബ് മാറി കിടന്നെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചുവെന്നുമാണ് സന്ദേശത്തിലുള്ളത്.

ഡോക്‌ടർമാർ സംഭവം പുറം ലോകത്തെ അറിയിക്കാത്തതിനാൽ ജീവനക്കാർ രക്ഷപെട്ടെന്നും നഴ്‌സിങ് ഓഫിസറുടെ ശബ്‌ദസന്ദേശത്തിലുണ്ട്. കേന്ദ്രസംഘം ആശുപത്രി സന്ദർശിക്കുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് അയച്ച രഹസ്യ സന്ദേശമാണ് പുറത്തായത്.

Tags: