കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും

Update: 2021-05-19 18:27 GMT

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചേക്കും. മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം നേതാവുമാണ് രാഗേഷ്. ദേശീയ തലത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ സജീവസാന്നിധ്യമായിരുന്നു. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ആദ്യമലയാളിയായിരുന്നു അദ്ദേഹം.

എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യാ നേതൃത്വത്തിലേക്കും ഉയര്‍ന്നു. 2015 ഏപ്രിലില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പി എം മനോജും തുടര്‍ന്നേക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. പരമാവധി കുറച്ച് ആളുകളെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിര്‍ദേശം.

Tags: