മുന്‍മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്: യാത്രബത്ത കൂടി പരിഗണിക്കണമെന്നു ഹൈക്കോടതി

യാത്രബത്ത സംബന്ധിച്ച കണക്കുകളും മറ്റും ബോധിപ്പിക്കാതെയാണ് പ്രോസിക്യുഷന്‍ വിജിലന്‍സ് കോടതിയില്‍ ഹരജിക്കാരനെതിരെ ആരോപണമുന്നയിക്കുന്നത്. കൂടാതെ വാടകയിനത്തില്‍ പരിഗണിക്കേണ്ട തുകയുടെ വിവരങ്ങളും മറച്ചുവെച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഹരജിക്കാരന്‍ വാദിച്ചു.

Update: 2019-02-07 15:19 GMT

കൊച്ചി: മുന്‍മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ യാത്രബത്ത കൂടി പരിഗണിക്കണമെന്നു ഹൈക്കോടതി വിജിലന്‍സ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. അനധികൃതമായി 100 കോടി രൂപയുടെ സ്വത്തു സമ്പാദിച്ചുവെന്നാരോപിച്ചു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിക്കൊപ്പം യാത്രബത്ത കൂടി പരിഗണിക്കണമെന്നാണ് കോടതി ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഔദ്യോഗികാവശ്യത്തിനു പോകുമ്പോള്‍ യഥാര്‍ഥ ടിക്കറ്റ് ചാര്‍ജും നിസാര സംഖ്യയുമാണ് യാത്രാബത്തയായി നല്‍കുന്നത്. എന്നാല്‍ ഒരു മന്ത്രിക്ക് യാത്രബത്തയായി കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ 10രൂപ 50 പൈസ നിരക്കിലാണ് യാത്രാബത്ത കണക്കാക്കുന്നതെന്നും ഹരജിക്കാരനുവേണ്ടി അഭിഭാഷകന്‍ അജിത് പ്രകാശ് കോടതിയില്‍ ബോധിപ്പിച്ചു. യാത്രബത്ത സംബന്ധിച്ച കണക്കുകളും മറ്റും ബോധിപ്പിക്കാതെയാണ് പ്രോസിക്യുഷന്‍ വിജിലന്‍സ് കോടതിയില്‍ ഹരജിക്കാരനെതിരെ ആരോപണമുന്നയിക്കുന്നത്. കൂടാതെ വാടകയിനത്തില്‍ പരിഗണിക്കേണ്ട തുകയുടെ വിവരങ്ങളും മറച്ചുവെച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഹരജിക്കാരന്‍ വാദിച്ചു. ജസ്റ്റിസ് പി ഉബൈദാണ് ഹരജി പരിഗണിച്ചത്.  

Tags: