ജൂനിയര്‍ ഫ്രന്റ്സ് ഓണ്‍ലൈന്‍ ഈദ് നൈറ്റ് സംഘടിപ്പിച്ചു; യൂ ട്യൂബില്‍ 25,000 ലധികം കാഴ്ചക്കാര്‍
കോഴിക്കോട്: ആഘോഷങ്ങള്‍ ജാഗ്രതയോടെ എന്ന മുദ്രാവാക്യമുയര്‍ത്തി ചെറിയ പെരുന്നാള്‍ ദിനത്തില്‍ ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന കമ്മിറ്റി സെലിബ്രേറ്റ് ഈദ് ഓണ്‍ലൈന്‍ ഈദ് നൈറ്റ് സംഘടിപ്പിച്ചു. പെരുന്നാള്‍ ദിനത്തില്‍ ഒണ്ലെനിലൂടെ സംഘടിപ്പിച്ച പരിപാടി കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രോഗ്രാം പെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് 7.30നാണ് ആരംഭിച്ചത്. യൂ ട്യൂബില്‍ 25,000 ലധികമാളുകളാണ് പരിപാടിക്ക് കാഴ്ചക്കാരായുണ്ടായിരുന്നത്.
ജൂനിയര്‍ ഫ്രന്റ്സ് കേരള എന്ന Youtube ചാനല്‍, Facebook പേജ് എന്നിവ ഉപയോഗിച്ച് പ്രിമിയറായിട്ടാണ് പരിപാടി അരങ്ങേറിയത്. മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ ഏളേറ്റില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായികയും ജയ്ഹിന്ദ് ടിവി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിന്നറുമായ സജ്ന തിരുവമ്പാടി, ജൂ നിയര്‍ ഫ്രന്റ്സ് തീം സോങ്ങ് റിലീസ് ചെയ്തു.
പാട്ടുകള്‍, കഥകള്‍, ആര്‍ട്ട്, കാലിഗ്രഫി തുടങ്ങി വിവിധ കലാപരിപാടികള്‍ നടന്നു. ജൂനിയര്‍ ഫ്രന്റ്സ് വിദ്യാര്‍ഥികളും കലാസംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ഈദ് നൈറ്റ് ജൂനിയര്‍ ഫ്രന്റ്സിനൊപ്പം വര്‍ണാഭമാക്കാന്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് കുടുംബത്തോടൊപ്പം പങ്കുചേര്‍ന്നു. മിഷാല്‍ നിലമ്പൂര്‍, അസിന് വെള്ളില, ഫാത്തിമ അന്‍ഷി, വിടല്‍ കെ മൊയ്തു, അബ്ദുറഹ്മാന് ബാഖവി എന്നിവരും പങ്കെടുത്തു.