ഇടത്തോട്ടോ, വലത്തോട്ടോ: ജോസ് കെ മാണി വിഭാഗത്തിന്റെ ഭാവി ഇന്നറിയാം
ജോസ് കെ മാണി യുഡിഎഫ് വിട്ടാലും തിടുക്കത്തില്‍ ഇടതുമുന്നണി പ്രവേശനമുണ്ടാവില്ല. കടുത്ത ഇടതുവിരോധികളായ അണികളെ മുന്നണി വിടാനുള്ള സാഹചര്യം മനസിലാക്കിപ്പിക്കണം എന്നതാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയ നിര്‍ദേശം.
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെയുണ്ടാകും. ഇന്ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ജോസ് കെ.മാണി വിഭാഗത്തെ പൂര്‍ണമായി മുന്നണിയില്‍ നിന്നു തള്ളികളയുന്ന സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ മാണി വിഭാഗം ഇടത് മുന്നണിയില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കും. അതേസമയം,ഈ മാസം അവസാനത്തോടെ ജോസ് കെ.മാണിയെ ഒപ്പം കൂട്ടുന്നത് ഇടതുമുന്നണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജോസ് കെ.മാണി വിഭാഗവും ഇടതുമുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിനു നല്‍കുന്ന കാര്യം ഇന്നു ചേരുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.ജോസഫ് വിഭാഗത്തില്‍ നിന്നുള്ള ജേക്കബ് എബ്രഹാം ആയിരിക്കും സ്ഥാനാര്‍ഥി. എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനിശ്ചിതത്വത്തില്‍ ആയിരിക്കും. പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി വിഭാഗത്തിനു നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ റിട്ട് നല്‍കാനാണ് ജോസഫ് പക്ഷം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജോസ് കെ.മാണി വിഭാഗത്തെ തള്ളാതെ പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എല്‍ഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തീരുമാനം ജോസ് കെ.മാണി വിഭാഗത്തിനുണ്ടായത്. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു.എല്‍ഡിഎഫിലേക്ക് എത്താനുള്ള എല്ലാവിധ പിന്‍വാതില്‍ ചര്‍ച്ചകളും പൂര്‍ത്തിയായി കഴിഞ്ഞു. ജോസ് യുഡിഎഫ് വിടുന്നത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇടതുനേതാക്കള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ജോസ് കെ മാണി യുഡിഎഫ് വിട്ടാലും തിടുക്കത്തില്‍ ഇടതുമുന്നണി പ്രവേശനമുണ്ടാവില്ല. കടുത്ത ഇടതുവിരോധികളായ അണികളെ മുന്നണി വിടാനുള്ള സാഹചര്യം മനസിലാക്കിപ്പിക്കണം എന്നതാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയ നിര്‍ദേശം. യുഡിഎഫില്‍ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് രാജിവെയ്ക്കുന്നതിന് പിന്നാലെ ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കും. വരുന്ന ഇടതുമുന്നണി യോഗത്തില്‍ ജോസ് കെ മാണിയെ മുന്നണിലെടുക്കുന്ന കാര്യം സിപിഎം മുന്നോട്ട് വെയ്ക്കും. ജോസിനെ കൂട്ടുന്നതില്‍ മുന്‍നിലപാടില്‍ നിന്നും സിപിഐ അയഞ്ഞതായാണ് സൂചന. പാര്‍ട്ടി സംവിധാനത്തില്‍ ആലോചിച്ച് മറുപടി അറിയിക്കാം എന്ന നിലപാട് സിപിഐ ഇടതു മുന്നണിയെ അറിയിച്ചേക്കും. സിപിഐയെ തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയാണ് സീറ്റ് വിഭജന കാര്യത്തില്‍ സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നതാണ് സൂചന. പത്തോ അതിനടുത്തോ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് എന്നതാണ് സിപിഎം വാഗ്ദാനം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലും മലയോര മണ്ഡലങ്ങളിലും നേട്ടമുണ്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

