അങ്കതട്ടില്‍ കുട്ടനാട്: യുഡിഎഫിന് തലവേദനയായി ജോസ്- ജോസഫ് പോര്; മധ്യസ്ഥയ്ക്ക് സഭാ മേലധ്യക്ഷന്മാര്‍

ഉപതിരഞ്ഞെടുപ്പില്‍ ജേക്കബ് ഏബ്രഹാമിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത്. ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോഴേ ജോസ് പക്ഷവും കുട്ടനാടിനായി രംഗത്തിറങ്ങിയിരുന്നു.

Update: 2020-09-05 06:00 GMT

തിരുവനന്തപുരം: കുട്ടനാട് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തലവേദനയായി ജോസ്- ജോസഫ് പോര്. ഉപതിരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തിനു പിന്നാലെ, കുട്ടനാടിനു വേണ്ടി യുഡിഎഫില്‍ അവകാശവാദം ഉന്നയിച്ച് ജോസഫ് രംഗത്തുവന്നതോടെയാണിത്. കേരളാ കോണ്‍ഗ്രസ് (എം)ന്റെ അവകാശം സ്വന്തമാക്കിയ ജോസ് പക്ഷത്തെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കുട്ടനാട് തിരഞ്ഞെടുപ്പ് കൂടി വന്നത്. ഇതോടെ വല്ലാത്ത പ്രതിസന്ധിയിലാണ് യുഡിഎഫുള്ളത്.

കുട്ടനാട്ടിൽ യുഡിഎഫിനു വേണ്ടി തന്റെ വിഭാഗം മത്സരിക്കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. മറ്റാർക്കും സീറ്റ് വിട്ടുകൊടുക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ ജേക്കബ് ഏബ്രഹാമിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനാണു ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത്. ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോഴേ ജോസ് പക്ഷവും കുട്ടനാടിനായി രംഗത്തിറങ്ങിയിരുന്നു. ജോസിനെ മുന്നണിയില്‍പ്പോലും എടുക്കരുതെന്നാണു ജോസഫിന്റെ ആവശ്യം. ഇതോടെ ധര്‍മസങ്കടത്തിലായിരിക്കുകയാണ് യുഡിഎഫ്. അതേസമയം, ഇരുകൂട്ടരെയും യുഡിഎഫില്‍ നിലനിര്‍ത്താന്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെ നേതൃത്വത്തിലും നീക്കം നടക്കുന്നുണ്ട്.

അതിനിടെ, കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണിപക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച സൂചന നല്‍കിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിട്ടാല്‍ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ചിഹ്നം കിട്ടിയപ്പോള്‍ ജോസ് കെ മാണി ഇപ്പോള്‍ യുഡിഎഫിന് വേണ്ടപ്പെട്ടവനായി മാറുന്നു. നേരത്തേ യുഡിഎഫില്‍നിന്ന് ബെന്നി ബഹനാന്‍ അവരെ പടിയടച്ചു പിണ്ഡം വച്ചതുമാണ്. ഇനി എന്തു നിലപാട് സ്വീകരിക്കണമെന്ന് അറിയാനായി രമേശ് ചെന്നിത്തല കുഞ്ഞാലിക്കുട്ടിയെ പോയി കാണുകവരെ ചെയ്തു. ഇങ്ങോട്ട് കടക്കാന്‍ പറ്റില്ലെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അവര്‍ക്കു പിന്നാലെ നടക്കുകയാണ്. എന്നാല്‍, ജോസ് കെ മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങള്‍ക്കുള്ളത്. സൗഹാര്‍ദപരമായ നിലപാട് തന്നെയാണെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് വിട്ടാല്‍ അവര്‍ തെരുവിലാകില്ല. ഇതുവരെ അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആവശ്യമാണെന്നു വന്നാല്‍ ചര്‍ച്ച ചെയ്യും. നിയമസഭയില്‍ ജോസ് വിഭാഗം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. അത് യുഡിഎഫിനുള്ള മറ്റൊരു അടികൂടിയാണ്. അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൂടി നോക്കി ഇടതുമുന്നണി വിഷയം ചര്‍ച്ചചെയ്യുമെന്നും കോടിയേരി പറഞ്ഞു. 

Tags:    

Similar News