ഫോര്‍ട്ട് സ്റ്റേഷനിലെ മൂന്നാം മുറ; രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തി, റിപോര്‍ട്ട് കൈമാറി ജയില്‍ സൂപ്രണ്ട്
തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനിലുണ്ടായ മൂന്നാം മുറയില്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം റിപോര്‍ട്ട് കൈമാറി തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ട്. പോലിസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഷണക്കേസിലെ പ്രതി ജിനു തീവ്രപരിചണ വിഭാഗത്തില്‍ തുടരുകയാണ്. ഈ മാസം 21ന് വൈകുന്നേരം ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ട്. രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തിയ ഡോക്ടര്‍ റിപോര്‍ട്ട് സഹിതമാണ് മജിസ്‌ട്രേറ്റിന് കൈമാറിയത്.
ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മര്‍ദ്ദനമേറ്റവരുടെ മൊഴിയെടുത്തിരുന്നു. സിറ്റി പോലിസ് കമ്മീഷണറോടും റിപോര്‍ട്ട് തേടിയിട്ടുണ്ട്. നാലുപോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലിസുകാര്‍ക്കെതിരെ കസ്റ്റഡി മര്‍ദ്ദനത്തിന് കേസെടുത്തേക്കും. ഗ്രേഡ് എസ്‌ഐ ശ്രീകുമാര്‍, പോലിസുകാരായ സുനില്‍, സിജുകുമാര്‍, ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മര്‍ദ്ദിച്ചത്. സെല്ലില്‍ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. സിസിടിവി പരിശോധനയിലാണ് സെല്ലിലെ മര്‍ദ്ദനം പുറത്തുവന്നത്.
