ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ചന്ദേര പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്. കമറുദീനെതിരായ 42 കേസുകളില്‍ അറസ്റ്റുരേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്. കമറുദീനെതിരായ 42 കേസുകളില്‍ അറസ്റ്റുരേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
വിവിധ പോലിസ് സ്റ്റേഷനുകളിലായി 123 എഫ്ഐആറുകളാണ് കമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസംതന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഐപിസി 420, 406, 409 വകുപ്പുകള്‍ കമറുദ്ദീനെതിരേ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. തട്ടിപ്പിനിരയായവര്‍ പോലും ക്രിമിനല്‍ കുറ്റം ഖമറുദ്ദീന്‍ ചെയ്തിട്ടുണ്ടെന്ന പരാതി നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയലക്ഷ്യംവച്ചാണ് പോലിസ് 420, 406, 409 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാനവാദം. എന്നാല്‍, ആ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. 2017ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ആഗസ്തില്‍ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില്‍ പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. അ തുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യംവച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള്‍ നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം.
ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 800 ഓളം നിക്ഷേപകരില്‍നിന്നായി 150 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
