ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടി

ഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ദീര്‍ഘദൂര തീവണ്ടികളില്‍ കേരളത്തിനകത്ത് റീ ബുക്കിങ്ങിനും സര്‍ക്കാര്‍ അനുമതി.

Update: 2020-06-06 08:00 GMT

തിരുവനന്തപുരം: നിലവില്‍ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍ കണ്ണൂരിലേക്ക് നീട്ടുന്നതിനു തടസ്സമില്ലെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ റെയില്‍വേയ്ക്ക് കത്തു നല്‍കി. ഇതോടെ ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടി. കൊറോണ ബാധിതര്‍ കൂടുതല്‍ ഉള്ള കണ്ണൂരില്‍ റെയില്‍വേ യാത്രക്കാരെ നിരീക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചതിനാലാണ് നേരത്തെ ജനശതാബ്ദി കോഴിക്കോട്ട് യാത്ര അവസാനിപ്പിച്ചത്.

ഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ദീര്‍ഘദൂര തീവണ്ടികളില്‍ കേരളത്തിനകത്ത് റീ ബുക്കിങ്ങിനും സര്‍ക്കാര്‍ അനുമതി. കേരളത്തിലേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്‌സ്പ്രസുകളിലാണ് കേരളത്തിനകത്തെ യാത്രയ്ക്ക് റിസവര്‍വേഷന്‍ ടിക്കറ്റ് നല്‍കുക. നേത്രാവതി എക്‌സ്പ്രസില്‍ മഹാരാഷ്ട്രയില്‍നിന്നു വരുന്ന ഒരു യാത്രക്കാരന്‍ കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങിയാല്‍, ഇനി ആ ബര്‍ത്തില്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ പോകുന്നയാള്‍ക്ക് റിസര്‍വ് ചെയ്യാം.

ഇത്തരത്തില്‍ റീ ബുക്കിങ് നടത്താനുള്ള സൗകര്യം റെയില്‍വേ നേരത്തേ നല്‍കിയിരുന്നതാണ്. എന്നാല്‍, കൊവിഡ് വ്യാപനസാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത് അനുവദിക്കാനാവില്ലെന്ന് റെയില്‍വേയോട് നിര്‍ദേശിച്ചു. ഇതുപ്രകാരം റിസര്‍വേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

ഇതുസംബന്ധിച്ച് പുനപരിശോധന നടത്തിയശേഷം ദീര്‍ഘദൂര തീവണ്ടികളില്‍ കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജരെ അറിയിക്കുകയായിരുന്നു. കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതിയുള്ള ആദ്യത്തെ നേത്രാവതി എക്‌സ്പ്രസ് ഇന്നലെ കേരളത്തിലെത്തി. മംഗള എക്‌സ്പ്രസ് ഇന്ന് രാവിലെ കേരളത്തില്‍ പ്രവേശിച്ചു.

Tags:    

Similar News