ആലപ്പുഴ: ജെയ്‌നമ്മ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഏറ്റുമാനൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ ജെയ്‌നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
കേസില്‍ ചേര്‍ത്തല സ്വദേശി സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതി. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥികളടക്കം കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുമാണ് കേസില്‍ നിര്‍ണായകമായത്. തെളിവെടുപ്പില്‍ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു.
ചേര്‍ത്തലയിലെ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.
ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റിയന്‍ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടര്‍ന്നുള്ള അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായത്.
