ചലച്ചിത്രനിരൂപകന്‍ വി കെ ജോസഫിന് ജാഫ്‌ന അന്താരാഷ്ട്ര പുരസ്‌കാരം

ചൊവ്വാഴ്ച ജാഫ്‌നയില്‍ തുടങ്ങുന്ന ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്രോത്സവത്തിന്റെ ജൂറിയായി അദ്ദേഹം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Update: 2019-09-02 14:50 GMT

ന്യൂഡല്‍ഹി: ചലച്ചിത്ര നിരൂപകന്‍ വി കെ ജോസഫിന് അന്താരാഷ്ട്ര പുരസ്‌കാരം. ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ആജീവനാന്തപുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായത്. ഈ പുരസ്‌കാരം നേടുന്ന ആദ്യമലയാളി കൂടിയാണ് കേരള ചലച്ചിത്ര അക്കാദമി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ വി കെ ജോസഫ്. ചലച്ചിത്ര നിരൂപണരംഗത്തും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചലച്ചിത്ര പഠനരംഗത്തും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ചൊവ്വാഴ്ച ജാഫ്‌നയില്‍ തുടങ്ങുന്ന ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്രോത്സവത്തിന്റെ ജൂറിയായി അദ്ദേഹം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇറാഖിലെ ഖുര്‍ദിസ്താന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ജൂറിയംഗമായി അദ്ദേഹം ക്ഷണിക്കപ്പെട്ടു.

കണ്ണൂര്‍ കുന്നോത്ത് സ്വദേശിയായ വി കെ ജോസഫ് അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകരുടെ സംഘടനയായ ഫിപ്രെസ്‌കിയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡണ്ടും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളുമാണ്. 2007ല്‍ ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകനുള്ള പ്രസിഡണ്ടിന്റെ സുവര്‍ണ കമലവും മൂന്നു തവണ നിരൂപണത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.

Tags: