ഭരണകൂടത്തിന്റെ നീതിനിഷേധം; യാക്കോബായ സുറിയാനി സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ഫലപ്രദമായി നേരിടുന്നതില്‍ പ്രീണന സ്വഭാവമുള്ള ഭരണ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു. തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള മൂന്ന് ഭദ്രാസനങ്ങളിലേയും വിശ്വാസികള്‍ സഭയ്‌ക്കൊപ്പം നില്‍ക്കും.

Update: 2019-03-22 12:55 GMT

അടൂര്‍: യാക്കോബായ സുറിയാനി സഭയ്‌ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ വരുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനും മറ്റ് പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദീക യോഗം തീരുമാനിച്ചു. കട്ടച്ചിറ പള്ളിയില്‍ കോടതി ഉത്തരവ് ലംഘിച്ചും നിയമവാഴ്ചയെ വെല്ലുവിളിച്ചും വിശ്വാസികളുടെ അവകാശങ്ങളെ ഹനിച്ചും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി തല്ലിത്തുറന്ന് അകത്തുകയറാന്‍ ഒത്താശ ചെയ്ത് കൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി

കട്ടച്ചിറ പള്ളിയില്‍ പ്രവേശിക്കുന്നതിന് മെത്രാന്‍ കക്ഷികള്‍ സ്വീകരിച്ച വഴികള്‍ കിരാതവും ക്രൈസ്തവ സഭകള്‍ക്ക് ലജ്ജാവഹവുമാണ്. കട്ടച്ചിറ പള്ളി ഉള്‍പ്പെടെ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ഫലപ്രദമായി നേരിടുന്നതില്‍ പ്രീണന സ്വഭാവമുള്ള ഭരണ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു. മാറിവരുന്ന സര്‍ക്കാരുകള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാകാത്തതിന് കാരണം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുള്ള എതിര്‍പ്പല്ല. മറിച്ച് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിഷേധവും പരാജയപ്പെട്ട് പോകുന്ന ഭരണ സംവിധാനത്തോടുള്ള എതിര്‍പ്പുമാണെന്ന് മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ്, ഫാ.എം ജെ ദാനിയല്‍, ഫാ.എബി സ്റ്റീഫന്‍, ഫാ.ജോര്‍ജ്ജി ജോണ്‍, മീഡിയാ കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള മൂന്ന് ഭദ്രാസനങ്ങളിലേയും വിശ്വാസികള്‍ സഭയ്‌ക്കൊപ്പം നില്‍ക്കും. ആരെയും നിര്‍ബ്ബന്ധപൂര്‍വ്വം തടയില്ല. കട്ടച്ചിറയില്‍ കോടതി നിരീക്ഷണത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതും വിധി ന്യായത്തില്‍ നിലവിലെ ഭരണസമിതിക്ക് ഉറപ്പ് നല്‍കുന്നതുമായ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടണം. പള്ളിയില്‍ അതിക്രമിച്ച് കയറുകയും മതവികാരം വൃണപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ വിവിധ പ്രതിഷേധ സമരപരിപാടിയുമായി മുന്നോട്ടുപോവും. കട്ടച്ചിറയില്‍ നടന്നുവരുന്ന വിശ്വാസികളുടെ സഹന സമരത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്നും മെത്രാപ്പോലീത്തമാര്‍ അറിയിച്ചു.  

Tags: