ബിജെപി നേതാക്കളുമായി സംസാരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടു,' സുധാകരനെ എങ്ങനെ വിശ്വസിക്കും';കണ്ണൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

Update: 2026-03-19 09:14 GMT

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വീണ്ടും പ്രതിഷേധം. മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ എംപിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തി. എളയാവൂര്‍, കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് വിയോജിപ്പുമായി രംഗത്ത് വന്നത്. ഇന്ന് നടന്ന യോഗത്തില്‍ 10 മണ്ഡലം പ്രസിഡന്റുമാര്‍ സുധാകരന്റെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചു.

സുധാകരന്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ സുധാകരന്റെ അനുകൂലികള്‍ പോസ്റ്റര്‍ ഒട്ടിക്കട്ടെയെന്നാണ് ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കന്മാരുടെ നിലപാട്. പാര്‍ട്ടിയെ അനുസരിക്കാത്ത സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപി നേതാക്കളുമായി സംസാരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടെന്നും ആ സുധാകരനെ എങ്ങനെ വിശ്വസിക്കുമെന്നും ഡിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കണ്ണൂരില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്‍. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. മല്‍സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച സുധാകരന്‍ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാല്‍ എംപിമാരെ മല്‍സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. പിന്നാലെയാണ് സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് സുധാകരന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത്.