ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; മന്ത്രി പി പ്രസാദ്

Update: 2025-06-05 17:54 GMT

തിരുവനന്തപുരം: രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും പി പ്രസാദ് പറഞ്ഞു. രാജ്ഭവനില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ഒരു സംഘടന മാത്രം ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ ആദരിക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചുവെന്നും പ്രസാദ് ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയും ദേശീയ പതാകയും ദേശീയ ഗാനവും ദേശസ്നേഹവും ദേശഭക്തിയും ആവോളം സന്നിവേശിപ്പിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള രീതികളെ പിന്തുടരാന്‍ സാധിക്കുകയുള്ളൂ. സ്വാതന്ത്യം ലഭിച്ചിട്ട് ഏഴരപതിറ്റാണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ഔദ്യോഗികമായി ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ചിത്രമാണ് രാജ്ഭവനില്‍ ഉപയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ എത്രയോ സര്‍ക്കാര്‍ പരിപാടികള്‍ നടക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നോ എന്നും പി പ്രസാദ് ചോദിച്ചു. രാജ്യത്തിന്റെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവര്‍ കാണിക്കേണ്ട സമാന്യരീതികളുണ്ട്. ആ ഒറ്റ നിലപാടുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്. എത്രയോ പരിപാടികള്‍ രാജ്ഭവനില്‍ നടക്കുന്നു. സര്‍ക്കാര്‍ രാജ്ഭവനെയും ഗവര്‍ണറെയും ആദരവോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കാവി പതാക ഇന്ത്യയുടെ ദേശീയ പതാകയാകണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തിനുള്‍ക്കൊള്ളാന്‍ കഴിയുന്ന നിലപാട് മാത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഇന്ത്യയുടെ ഭരണഘടനയാണ് ഇവിടെ മാനദണ്ഡമാക്കേണ്ടത്. ഭരണഘടനാപരമായ ഒരു പദവിയിലിരിക്കുന്നതുകൊണ്ട് തനിക്ക് ആ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






Tags: