സംസ്ഥാന ഐടി വകുപ്പിലും പിന്‍വാതില്‍ നിയമനമെന്ന് ചെന്നിത്തല: അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ വരെ അനധികൃതമായി ജോലി ചെയ്യുന്നു

പ്രധാനമന്ത്രിക്ക് കത്തയച്ചു കൊണ്ട് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം അനുവദിക്കില്ല. ഇത്രയും വലിയ അഗ്‌നിപര്‍വ്വതത്തില്‍ മുകളിലാണ് സര്‍ക്കാര്‍ എന്ന് ഇപ്പോഴാണ് മനസ്സിലായത്.

Update: 2020-07-09 13:30 GMT

തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പില്‍ പില്‍വാതില്‍ നിയമനങ്ങളും അനധികൃത നിയമനം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനില്‍ അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ വരെ ക്രമവിരുദ്ധമായി ജോലി ചെയ്യുകയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം വേണം. ശിവശങ്കരന്‍ ഐടി സെക്രട്ടറി ആയിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ പറയുന്ന സ്ത്രീക്ക് ലക്ഷങ്ങള്‍ ശമ്പളം കൊടുത്തത് അഴിമതിയാണ്. ഈ കള്ളക്കടത്തില്‍ എല്ലാം ഒത്താശ ചെയ്ത ശിവശങ്കരന് അവധി നല്‍കി വീട്ടിലിരുത്തുകയല്ല, കേസെടുത്ത് അന്വേഷണം നടത്തുകയാണ് വേണ്ടത്. അത് ചെയ്യാത്തത് ശിവശങ്കരനെ മുഖ്യമന്ത്രിക്ക് പേടി ആയതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസ് മന്ത്രിസഭ തീരുമാനമെടുത്തത് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചു കൊണ്ട് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം അനുവദിക്കില്ല. ഇത്രയും വലിയ അഗ്‌നിപര്‍വ്വതത്തില്‍ മുകളിലാണ് സര്‍ക്കാര്‍ എന്ന് ഇപ്പോഴാണ് മനസ്സിലായത്. കൊവിഡ് കാലത്തെ സുവര്‍ണാവസരം ആയി കണ്ട് സര്‍ക്കാര്‍ പണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരും. തിങ്കളാഴ്ച യുഡിഎഫ് അടിയന്തരയോഗം ചേര്‍ന്നു കൂടുതല്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. 

Tags:    

Similar News