ജീവനക്കാർക്ക് പിരിച്ചുവിടൽ സൂചന നൽകി ഐടി കമ്പനികൾ; നിർബന്ധിത അവധിയിൽ പോകാൻ നിർദേശം

ടെക്‌നോപാർക്കിലെയും ഇൻഫോപാർക്കിലെയും ചില കമ്പനികൾ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചു.

Update: 2020-05-19 07:30 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാർക്ക് പിരിച്ചുവിടൽ സൂചന നൽകി സംസ്ഥാനത്തെ ഐടി കമ്പനികൾ. 30 ശതമാനം പേർക്ക് തൊഴിൽ നഷ്ടമായേക്കും. ടെക്‌നോപാർക്കിലെയും ഇൻഫോപാർക്കിലെയും ചില കമ്പനികൾ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചു. കരാർ പുതുക്കി നൽകാത്തവയുമുണ്ട്. ടെക്‌നോപാർക്കിലെ ഒരു കമ്പനി, ജീവനക്കാർക്ക് രണ്ടു മാസത്തെ അടിസ്ഥാന ശമ്പളം മാത്രം നൽകി സ്ഥാപനം പൂട്ടി. കൊച്ചി ഐടി കമ്പനിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്തത് ജോലി നഷ്ടമാകുമെന്ന ഭീതിയെ തുടർന്നാണെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.

പുതിയ കമ്പനിയിലേക്ക് ഓഫർ ലഭിച്ച് നിലവിൽ രാജിവച്ച പലർക്കും ജോലിയിൽ പ്രവേശിക്കാനായിട്ടില്ല. 30 ശതമാനം ഐടി ജീവനക്കാർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരും പഠനങ്ങളും സൂചിപ്പിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധിയും കേരളത്തിന് തിരിച്ചടിയാണ്. സാമൂഹ്യസുരക്ഷാ പദ്ധതികളില്ലാത്ത ഐടി ജീവനക്കാർക്ക് പുതിയ സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി പറയുന്നു.

Tags: