ഗസയില്‍ ഇസ്രായേലിന്റെ പിന്‍മാറ്റം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ഐതിഹാസിക വിജയം: പോപുലര്‍ ഫ്രണ്ട്

Update: 2021-05-22 17:18 GMT

കൊല്ലം: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലിന്റെ പിന്‍മാറ്റം ഹമാസിന്റെയും ഫലസ്തീന്‍ ജനതയുടെയും ചെറുത്തുനില്‍പ്പിന്റെ വിജയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഫലസ്തീനികളുടെ പ്രതിരോധം അഭിമാനകരവും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തതുമായ വലിയൊരു വിജയവുമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഫലസ്തീന്‍ ജനത ഐതിഹാസിക പോരാട്ടത്തിലൂടെ നേടിയെടുത്ത ഈ ചരിത്ര വിജയം വലിയൊരു സന്ദേശം കൂടി ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അധിനിവേശ, ഫാഷിസ്റ്റ് ശക്തികളുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ രാജിയോ കീഴടങ്ങലോ അല്ല, പോരാട്ടവും ചെറുത്തുനില്‍പ്പുമാണ് പ്രതിരോധമെന്ന വലിയ സന്ദേശമാണ് ഫലസ്തീന്‍ ലോകത്തിന് നല്‍കുന്നത്.

പുണ്യമാസമായ റമദാനിലെ പുണ്യരാവില്‍ ബൈത്തുല്‍ മുഖദ്ദിസില്‍നിന്ന് തുടങ്ങി നൂറുകണക്കിനാളുകളെ കൂട്ടക്കൊല ചെയ്തതിനു പിന്നാലെ ഹമാസിന്റെ തിരിച്ചടി ശക്തമായതോടെയാണ് ഇസ്രായേല്‍ പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഗസ മുനമ്പിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളുമായി ഈജിപ്തും ചര്‍ച്ച നടത്തിയെങ്കിലും ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി തന്നെയാണ് ഇസ്രായേലിനെ പിന്‍മാറ്റത്തിന് പ്രധാന പ്രേരണയെന്്‌ന അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ തെറ്റിച്ച് 11 ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീനികളായ 243 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 66 കുട്ടികളും 35 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രത്യാക്രമണവുമായി ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ 12 ഇസ്രായേലികളും കൊല്ലപ്പെട്ടു.

2014നു ശേഷം ഗസയ്ക്കുമേല്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളില്‍ 200 ഓളം കെട്ടിടസമുച്ചയങ്ങളും നൂറുകണക്കിന് വീടുകളും തകര്‍ന്നു. ശതകോടികളുടെ നഷ്ടം സംഭവിച്ചു. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും ഖുദ്‌സിന്റെ വിമോചനത്തിനുമായുള്ള പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് നിലവിലെ വിജയമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശ, ഫാഷിസ്റ്റ് ശക്തികളുടെ ഭീഷണി നേരിടുന്ന മറ്റ് രാജ്യങ്ങള്‍ക്കും ഈ പോരാട്ടവീര്യം മാതൃകയാണ്.

ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വലിയ തിരിച്ചടിയാണ് ഇസ്രായേല്‍ നേരിട്ടത്. ഹമാസിന്റെ റോക്കറ്റുകള്‍ ആദ്യമായി ഇസ്രായേല്‍ നഗരങ്ങളിലേക്കെത്തിയത് ഇസ്രായേലി ഭരണകൂടത്തെ ഞെട്ടിച്ചു. ഇസ്രായേലിന്റെ ഉല്‍പാദന മേഖലയില്‍ 162.2 മില്യണിന്റെ (ഡോളര്‍) നഷ്ടമുണ്ടാക്കാന്‍ ഹമാസിന്റെ റോക്കറ്റുകള്‍ക്ക് കഴിഞ്ഞുവെന്നത് നിസാര കാര്യമല്ല. പ്രതിരോധത്തിലൂടെ മാത്രമേ ഫലസ്തീനില്‍ നീതിയും സ്വാതന്ത്ര്യവും പുലരുകയുള്ളുവെന്നത് വ്യക്തമാവുകയാണ്- എ അബ്ദുല്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News