ഊര്‍ങ്ങാട്ടിരി ബഡ്‌സ് സ്‌കൂള്‍ സ്റ്റാഫ് നിയമനത്തില്‍ ക്രമക്കേട്; പഞ്ചായത്തിനെതിരേ നിയമനടപടിയുമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍

32 വിദ്യാര്‍ഥികളാണ് ബഡ്‌സ് സ്‌കൂള്‍ രജിസ്റ്ററിലുള്ളത്. പത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപികയും ആയയും എന്ന രീതിയിലാണ് നിയമനം നടത്തേണ്ടിയിരുന്നത്.

Update: 2020-07-21 16:26 GMT

അരീക്കോട്: ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനും പരിചരിക്കുന്നതിന്നും ബഡ്‌സ് സ്‌കൂള്‍ സ്റ്റാഫ് നിയമനം നടത്തിയതില്‍ ക്രമക്കേടെന്ന് ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാര്‍ പരാതിപ്പെട്ടു. 32 വിദ്യാര്‍ഥികളാണ് ബഡ്‌സ് സ്‌കൂള്‍ രജിസ്റ്ററിലുള്ളത്. പത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപികയും ആയയും എന്ന രീതിയിലാണ് നിയമനം നടത്തേണ്ടിയിരുന്നത്. ഇതില്‍ ആദ്യഘട്ട അധ്യാപിക നിയമനത്തില്‍ മലപ്പുറം ജില്ലയ്ക്ക് പുറത്തുള്ള അധ്യാപികയ്ക്ക് നിയമനം ലഭിച്ചെങ്കിലും സാങ്കേതിക കാരണത്താല്‍ അവര്‍ ജോലി ഉപേക്ഷിച്ചു.

ഭിന്നശേഷികുട്ടികളെ പരിചരിക്കുന്നതിനായി ആയമാരെ നിയമനം നടത്തിയത് രാഷ്ട്രീയതാല്‍പര്യം നോക്കിയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിചരിച്ചുള്ള പരിചയമുള്ള രക്ഷിതാക്കളെ പരിഗണിക്കുന്നതിന് പകരം വ്യക്തിതാല്‍പര്യം പരിഗണിച്ചതാണ് വിവാദമായത്. ഭിന്നശേഷിയുള്‍പ്പെടെ ആയിരത്തിലേറെ കുട്ടികളാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലുള്ളത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 20 ലക്ഷം വീതം ഫണ്ട് അനുവദിച്ചതില്‍ 26 ലക്ഷമാണ് വിതരണം നടത്തിയത്.

175 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവരാണ്. പ്രതിവര്‍ഷം 28,500 രൂപ ഓരോ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഹോം കെയര്‍ സ്റ്റുഡന്റ് എന്ന് കാണിച്ച് അവശത ഏറെയുള്ള 32 കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞുവച്ചതും രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കയാണ്. സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് ഭിന്നശേഷി കുട്ടികളോട് വിവേചനം കാണിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിനെതിരേ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് പരിവാര്‍ ഭാരവാഹികള്‍ പറഞ്ഞു. 

Tags:    

Similar News