ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26.26 ലക്ഷം കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകച്ചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്.

Update: 2020-06-22 14:21 GMT

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്തേയ്ക്കുള്ള ഫുഡ് സെക്യൂരിറ്റി അലവന്‍സായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച വിശദമായ പ്രൊപ്പോസലിന് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്രധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകച്ചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉള്‍പ്പെടുത്തുന്നത്. പ്രീ പ്രൈമറി കുട്ടികള്‍ക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക.  

നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നല്‍കുന്ന കിറ്റിലുള്ളത്. അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ആറുകിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നല്‍കുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ മുഖേന രക്ഷിതാക്കള്‍ക്ക് നല്‍കും. 

Tags: