ലോക്ക് ഡൗണില്‍ അനധികൃത അവധി; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

മഴക്കാലം വരുന്ന സാഹചര്യത്തില്‍ അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളുടെ കടലാസു ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതും ടെന്‍ഡര്‍ നല്‍കേണ്ടതും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുമെല്ലാം ഈ കാലത്താണ്.

Update: 2020-05-10 06:30 GMT

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ അനധികൃത അവധിയെടുത്ത് വീട്ടിലിരുന്ന് ശമ്പളംപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് അന്വേഷണം. മഴക്കാലം വരുന്ന സാഹചര്യത്തില്‍ അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളുടെ കടലാസു ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതും ടെന്‍ഡര്‍ നല്‍കേണ്ടതും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുമെല്ലാം ഈ കാലത്താണ്. ഇക്കാര്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ കാലയളവില്‍ എത്രമാത്രം നടന്നിട്ടുണ്ടെന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പൊതുമരാമത്ത് ഓഫിസുകളുടെ പ്രവര്‍ത്തനവും ഹാജര്‍നിലയും പരിശോധിച്ച് രണ്ടാഴ്ചയക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ അശോക് കുമാറിന് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജോലിക്ക് ഹാജരാകാത്ത രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. അന്വേഷണവിധേയരായ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കും ലഭിച്ച സ്ഥാനക്കയറ്റം പുനഃപരിശോധിക്കുകയും ചെയ്യും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സൃഷ്ടിച്ച നാല് ചീഫ് എന്‍ജിനീയര്‍ തസ്തികകളില്‍ ഇരിക്കുന്നവരില്‍ രണ്ടുപേര്‍ അനുമതിയില്ലാതെ അനധികൃത അവധിയില്‍ പോയി. ഇതിലൊരാള്‍ ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് അവധിയിലായതാണ്. ഈ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിനുപുറമെയാണ് വകുപ്പിലെ മൊത്തം ഹാജര്‍നിലയും പരിശോധിക്കാന്‍ തീരുമാനിച്ചത്. ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫിസിന് പുറമെ സെക്ഷന്‍, ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫിസുകളുടെ ലോക്ക് ഡൗണ്‍ കാലത്തെ പ്രവര്‍ത്തനവും ഹാജര്‍ നിലയും പരിശോധിക്കും.

Tags: