നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്കെതിരായ ഇടപെടല്‍; കാന്തപുരത്തിനെതിരേ വിഷം തുപ്പി ഹിന്ദുത്വരും എക്‌സ് മുസ് ലിം നേതാവും
കൊച്ചി: യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്ന വധശിക്ഷ നീട്ടിയത്. എന്നാല്‍ വധശിക്ഷ നീട്ടിയ വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണ് ഹിന്ദുത്വരും എക്‌സ് മുസ് ലിം നേതാവും.
തീവ്ര വര്‍ഗീയവാദിയും അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് നേതാവും നിലവിലെ സംസ്ഥാന ബിജെപി ഭാരവാഹിയുമായ പ്രതീഷ് വിശ്വനാഥാണ് വര്‍ഗീയ വിഷം തുപ്പി രംഗത്തെത്തിയിരിക്കുന്നത്. കാന്തപുരത്തിന് ഹൂത്തി ഭീകരന്‍മാരുമായി ബന്ധമുണ്ടോ? അതോ വേറെ ഇടനിലക്കാര്‍ വഴിയാണോ എന്നറിഞ്ഞാല്‍ നന്നായിരുന്നു.എന്നാണ് പ്രതീഷ് വിശ്വനാഥ് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിച്ചത്. കാന്തപുരത്തിന്റെ ഹൂത്തി ബന്ധം ദുരൂഹം, അന്വേഷിക്കണമെന്നാണ് എക്‌സ് മുസ് ലിം നേതാവായ ആരിഫ് ഹുസൈന്‍ തെരുവത്ത് പോസ്റ്റ് ചെയ്തത്.
ഹിന്ദുഐക്യവേദി രക്ഷാധികാരി കെ പി ശശികല ടീച്ചറും കാന്തപുരത്തിനെതിരേ വര്‍ഗീയ വിഷം തുപ്പി രംഗത്തെത്തിയിട്ടുണ്ട്. യമനിലെ കാടന്‍ നിയമങ്ങള്‍ ഇവിടെയും നടപ്പാക്കണമെന്ന് ആവശ്യപ്പെടാതിരുന്നാല്‍ മതിയായിരുന്നു. ഇത്തരം രാജ്യങ്ങളില്‍ അമിത സ്വാധീനമുണ്ടെന്ന് പറയുന്നവരെ രാഷ്ട്രം നിരീക്ഷണത്തില്‍ വയ്ക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. രാഷ്ട്ര സുരക്ഷയും രാഷ്ട്രത്തിന്റെ ഭാവിയും കഴിഞ്ഞല്ലേ എന്തുമുള്ളു. ഭയം വേണ്ട ജാഗ്രതി മതി ശശികല ടീച്ചര്‍ കുറിച്ചത്. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരേ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആശ്വാസ വാര്‍ത്ത. സൂഫി പണ്ഡിതരുമായി കാന്തപുരം നടത്തിയ ചര്‍ച്ചകള്‍ വിജയം കാണുകയായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നത്. രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം ആരംഭിച്ചിരുന്നു. സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമര്‍, യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രിം കോടതി ജഡ്ജി, കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

