അന്താരാഷ്ട്ര വനിതാദിനത്തില്‍ പെണ്‍രോഷത്തെരുവ് സംഘടിപ്പിക്കും: എന്‍ഡബ്ല്യുഎഫ്
പ്രക്ഷോഭരംഗത്തുള്ള വര്‍ധിച്ച സ്ത്രീസാന്നിധ്യം സ്ത്രീസമൂഹത്തിനിടയിലുള്ള പുതിയൊരുണര്‍വിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
കോഴിക്കോട്: മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നീ നിയമങ്ങളിലൂടെ മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കാനുമുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8ന് 'സ്ത്രീശക്തി യഥാര്‍ഥശക്തി, രാഷ്ട്രശാക്തീകരണത്തിന് പെണ്‍കരുത്ത്' എന്ന പ്രമേയത്തില്‍ ദേശവ്യാപകമായി വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് അറിയിച്ചു. ഇതിന്റെ ഭാഗമായി എന്‍ഡബ്ല്യുഎഫ് സംസ്ഥാന കമ്മിറ്റി 'പൗരത്വനിഷേധത്തിനെതിരേ പെണ്‍രോഷത്തെരുവ്' എന്ന ശീര്‍ഷകത്തില്‍ പ്രതിഷേധപരിപാടികള്‍ നടത്തും.
സ്ത്രീ-പുരുഷ ഭേദമന്യേ ജാതിമത വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവുകളില്‍ പ്രക്ഷോഭങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. പ്രക്ഷോഭരംഗത്തുള്ള വര്‍ധിച്ച സ്ത്രീസാന്നിധ്യം സ്ത്രീസമൂഹത്തിനിടയിലുള്ള പുതിയൊരുണര്‍വിനെയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന സാഹചര്യത്തില്‍ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് എന്‍ഡബ്ല്യുഎഫ് ചെയ്യുന്നത്. സാമൂഹിക, സാംസ്‌കാരികരംഗത്തെ വനിതാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
