ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നാഗാലാന്റ് ഗവര്‍ണര്‍

സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണയിക്കുന്നത് വന്‍വെല്ലുവിളിയാണ്. പൂര്‍ണമായും തെളിവില്ലാതെ അത്തരമൊരു നിര്‍ണയം സാധ്യമല്ല.

Update: 2019-12-14 14:13 GMT

തിരുവനന്തപുരം: ആധുനികലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് നാഗാലാന്റ് ഗവര്‍ണറും മുന്‍ ഡെപ്യൂട്ടി നാഷനല്‍ സെക്യൂരിറ്റി അഡൈ്വസറുമായ ആര്‍ എന്‍ രവി അഭിപ്രായപ്പെട്ടു. രണ്ടുസംവിധാനങ്ങളുടേയും ഏകോപിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാവുമെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പോലിസ് സംഘടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഇന്നവേഷന്‍ ത്രൂ ടെക്‌നോളജി എന്ന പ്രഭാഷണപരമ്പരയിലെ ആദ്യത്തേത് തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനികകാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ടുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.

സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണയിക്കുന്നത് വന്‍വെല്ലുവിളിയാണ്. പൂര്‍ണമായും തെളിവില്ലാതെ അത്തരമൊരു നിര്‍ണയം സാധ്യമല്ല. ലോകത്തിന്റെ ഏതുഭാഗത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനമായാലും അതിന്റെ അലയൊലികള്‍ ഇന്ത്യയിലുമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ട്. മയക്കുമരുന്നിന്റെ വ്യാപനം ഇന്ത്യയില്‍ വളരെയേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച വളര്‍ച്ചാനിരക്കുള്ള സംസ്ഥാനമായ പഞ്ചാബിനെ മയക്കുമരുന്നിന്റെ വ്യാപനം ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ പ്രചാരവും കച്ചവടവും തടയാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഇനിയും ഏറെ മുന്നോട്ടുപോവേണ്ടതുണ്ട്.

റാങ്ക് വ്യത്യാസമില്ലാതെ പോലിസ് സേനയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും കഴിവ് പോലിസിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണം. ഇക്കാര്യത്തില്‍ കേരളാ പോലിസ് ഏറെ മുന്നിലാണ്. പുതിയ ഭീഷണികള്‍ നേരിടുന്നതിനുള്ള നിയമം നിര്‍മിക്കാന്‍ തുടക്കം കുറിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരളാ പോലിസിന് കഴിയുമെന്ന് ആര്‍ എന്‍ രവി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ഡിജിപിമാരായ എ വി സുബ്ബറാവു, കെ സുകുമാരന്‍നായര്‍, പി കെ ഹോര്‍മിസ് തരകന്‍, കെ പി സോമരാജന്‍, രാജേഷ് ദിവാന്‍ എന്നിവരും മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. 

Tags:    

Similar News