ഐഎന്‍എൽ വീണ്ടും പിളർന്നു; പുതിയ പാർട്ടിയുടെ പേര് ഐഎന്‍എല്‍ (സുലൈമാന്‍ സേട്ട്)

നേരത്തെ സുലൈമാൻ സേട്ട്‌ സാഹിബിന്റെ പുത്രൻ സിറാജ്‌ സേട്ട്‌ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിര മുസ്‌ലിം ലീഗിൽ ലയിച്ചിരുന്നു.

Update: 2020-11-08 09:24 GMT

എറണകുളം: ഇടതുമുന്നണിയിലെ കക്ഷിയായ ഐഎന്‍എൽ വീണ്ടും പിളർന്നു. പാർട്ടിയിലെ അസംതൃപ്തരായവരുടെ നേതൃത്വത്തില്‍ ഐഎന്‍എല്‍ (സുലൈമാന്‍ സേട്ട്) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയില്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, ആദ്യപടിയായി അഡ്‌ഹോക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്‌ഹോക് കമ്മിറ്റി ഇല്ലാതാകും. 14 ജില്ലകളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി 51 അംഗ സ്റ്റാന്റിങ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. എറണാകുളത്ത് വെച്ച് നവംബര്‍ 15 ന് ശേഷം വിപുലമായ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തും. എല്‍ഡിഎഫുമായി യോജിച്ചു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.

നേരത്തെ സുലൈമാൻ സേട്ട്‌ സാഹിബിന്റെ പുത്രൻ സിറാജ്‌ സേട്ട്‌ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിര മുസ്‌ലിം ലീഗിൽ ലയിച്ചിരുന്നു. പിന്നീട്‌ ഗ്രൂപ്പ്‌ പോര് രൂക്ഷമായ ഐഎൻഎൽ നേതൃത്വത്തിൽ നിരാശരായി വടകര കേന്ദ്രീകരിച്ച്‌ ഐഎൻഎൽ(ഡെമോക്രാറ്റിക്‌) എന്ന പേരിൽ മറ്റൊരു പാർട്ടിയും നിലവിൽ വന്നിരുന്നു.

പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ കോഴിക്കോട്ട്‌ സാംസ്‌കാരിക സൗധം നിര്‍മ്മിക്കാനായി സംസ്ഥാന കമ്മറ്റി പണപിരിവ് നടത്തി കോടികള്‍ പിരിച്ചെടുത്തു മുക്കിയതായാണ് ഇവരുടെ ആരോപണം. രണ്ട്‌ വർഷത്തിനു ശേഷമാണ് വീണ്ടും പിളർപ്പുണ്ടാകുന്നത്‌. തിരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ പാർട്ടിയിലെ കൊഴിഞ്ഞ്‌ പോക്ക്‌ പ്രവർത്തകരിൽ നിരാശ പടർത്തിയിട്ടുണ്ട്‌.