ഉദയ്പൂര്‍ കൊലപാതകം പൈശാചികവും അങ്ങേയറ്റം അപലപനീയവുമെന്ന് ഐഎന്‍എല്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ഹീന കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ് പ്രസ്താവിച്ചു.

Update: 2022-06-29 10:10 GMT

കോഴിക്കോട്: രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രവാചക നിന്ദയെ അനുകൂലിച്ചതിന്റെ പേരില്‍ ക്രൂരമായ കൊലപാതകം നടത്തിയത് പൈശാചികവും അങ്ങേയറ്റം അപലപനീയവുമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ഹീന കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ് പ്രസ്താവിച്ചു.

പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ രക്തമൊഴുക്കുന്നതും പ്രവാചക നിന്ദയാണ്. മതത്തിന്റെ പൊരുളറിയാത്തവര്‍ മതത്തെ കൊല്ലും, ജനത്തെ കൊല്ലിക്കും. ഇത് കറകളഞ്ഞ വര്‍ഗ്ഗീയതയാണ്. ഇത്തരം തെമ്മാടിത്തരങ്ങള്‍ക്ക് മതത്തില്‍ സ്ഥാനമില്ല. സംഘ്പരിവാര്‍ ഫാസിസത്തെ അനുകരിച്ച് വാള്‍തലപ്പു കൊണ്ട് ഒരധമനും ഈ സമുദായത്തെ രക്ഷിക്കാന്‍ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മത വര്‍ഗീയ തീവ്രവാദം. പ്രധാനമായും സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ വംശീയ രാഷ്ട്രീയത്തിന് ഉള്‍പ്രേരകമാവുന്ന കാര്യമാണ് ഉദയ്പൂരില്‍ സംഭവിച്ചത്. വര്‍ഗീയ വാദങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് രാജ്യത്തെ വലിയ അപകടത്തിലേക്ക് എത്തിക്കും. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളാണ് ഇതിനുള്ള യഥാര്‍ത്ഥ പ്രതിവിധി. രാജ്യത്തെ എല്ലാ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളും മതസാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയവാദികള്‍ക്കെതിരേ ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News