ഇന്ന് മാതൃദിനം; കേരളത്തിൽ ശിശുമരണനിരക്ക് കുറഞ്ഞു

ദേശീയ ശിശു മരണ ശരാശരി 32 ആയിരിക്കുമ്പോള്‍ സംസ്ഥാനത്തേത് ഏഴാണ്. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 993 കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കുന്ന സ്ഥിതി.

Update: 2020-05-10 06:00 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടെ കേരളത്തിന് അഭിമാനകരമായ നേട്ടം കൂടി. സംസ്ഥാനത്തെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലേക്ക് താഴ്ന്നു. ദേശീയ ശിശു മരണ ശരാശരി 32 ആയിരിക്കുമ്പോള്‍ സംസ്ഥാനത്തേത് ഏഴാണ്. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 993 കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കുന്ന സ്ഥിതി. ഇത് ആരോഗ്യ കേരളത്തിന് ഏറെ അഭിമാനം നല്‍കുന്ന നേട്ടമാണ്. ഐക്യരാഷ്ട്ര സഭ 2020ല്‍ ശിശുമരണ നിരക്ക് എട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് കേരളം ഒരുപടി കൂടി മുന്നില്‍ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് മാതൃദിനം ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്തിന് അഭിമാനം നല്‍കുന്ന നേട്ടമായാണ് കാണുന്നത്. ഏഴ് കുട്ടികള്‍ മരിക്കുന്നു എന്നത് ദു:ഖകരമാണ്. മരണ നിരക്ക് പൂജ്യത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം ഗര്‍ഭസ്ഥ ശിശുക്കളുടെയും ഗര്‍ഭിണികളുടെയും പോഷകക്കുറവ് പരിഹരിക്കുന്നതിന് താഴേത്തട്ടു മുതല്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിത്. ഇതോടൊപ്പം ആശുപത്രി സൗകര്യം വര്‍ധിപ്പിച്ചതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കിയതും ശിശുമരണനിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ കുട്ടികളുടെ ജനന നിരക്കിലും കുറവ് വന്നിട്ടുണ്ട്. 14.2 ശതമാനമായിരുന്ന ജനനനിരക്ക് 13.9 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

Tags:    

Similar News