ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ജീന സ്‌കറിയ വിവാഹിതയാവുന്നു

പന്തിപ്പൊയില്‍ പാലനില്‍ക്കുംകാലായില്‍ സിബി ജോസഫിന്റെയും ലിസിയുടെയും മകളായ ജീന ഒളിംപിക്‌സ് യോഗ്യതാമല്‍സരത്തിനുള്ള ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനാണ്.

Update: 2020-07-06 11:07 GMT

കല്‍പ്പറ്റ: ഇന്ത്യന്‍ വനിതാബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ വയനാട് പടിഞ്ഞാറത്തറ സ്വദേശിനി പി എസ് ജീന വിവാഹിതയാവുന്നു. തൃശ്ശൂര്‍ ചാലക്കുടി മേലൂര്‍ സ്വദേശി ജാക്‌സണ്‍ ആണ് വരന്‍. കഴിഞ്ഞദിവസം ഇവര്‍ തമ്മിലുള്ള മനസമ്മതം കഴിഞ്ഞു. കെഎസ്ബിഎംഎന്‍സിയില്‍ പര്‍ച്ചേസ് എന്‍ജിനീയറാണ് വരന്‍ ജാക്‌സണ്‍. പന്തിപ്പൊയില്‍ പാലനില്‍ക്കുംകാലായില്‍ സിബി ജോസഫിന്റെയും ലിസിയുടെയും മകളായ ജീന ഒളിംപിക്‌സ് യോഗ്യതാമല്‍സരത്തിനുള്ള ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനാണ്.

തിരുവനന്തപുരത്ത് കെഎസ്എസ്ഇബിയില്‍ സീനിയര്‍ അസിസ്റ്റന്റാണ് ജീന സ്‌കറിയ. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്നു. ജീനയുടെ ഇടവകയായ പന്തിപ്പൊയില്‍ അമലോല്‍ഭവ മാതാ പള്ളിയിലായിരുന്നു മനസമ്മത ചടങ്ങുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു മനസമ്മതം നടന്നത്. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കുംചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ജീനയുടെ അടുത്ത കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഈമാസം 11ന് ചാലക്കുടിയിലാണ് വിവാഹ ചടങ്ങുകള്‍.വയനാട് ജില്ലയിലെ ഗ്രാമീണമേഖലയായ പന്തിപ്പൊയിലില്‍നിന്ന് പരിമിതികളെ അതിജീവിച്ചാണ് അന്താരാഷ്ട്ര ബാസ്‌കറ്റ് ബോള്‍ താരമായി വളര്‍ന്നത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലായിരുന്നു പഠനം. സഹോദരി ജസ്‌ലിയും ബാസ്‌കറ്റ് ബോള്‍ താരമാണ്. സഹോദരന്‍ ജോബി. 

Tags: