അതിർത്തിയിലെ ഊടുവഴികൾ അടയ്ക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം
സംസ്ഥാനത്ത് കൊവിഡ്-19 ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കലക്ടർമാർ ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദേശം നൽകിയത്.
തിരുവനന്തപുരം: അതിർത്തിയിലെ ഊടുവഴികൾ അടയ്ക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം. സംസ്ഥാനത്ത് കൊവിഡ്-19 ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കലക്ടർമാർ ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദേശം നൽകിയത്.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തിയത്. പ്രവാസികൾ മടങ്ങിവരുമ്പോൾ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് കേരളം ഒരു മാർഗരേഖ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലകളിൽ താമസത്തിനുള്ള കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനും കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്ത് പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. പ്രതിദിനം 4000 പരിശോധനകൾ നടത്താനുള്ള സൗകര്യമാണ് കേരളത്തിലുള്ളത്. റാൻഡം ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐസിഎംആർ അനുമതി നൽകിയിട്ടില്ലെങ്കിലും നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹോട്ട്സ്പോട്ടുകളിൽ നിലവിലെ പരിശോധനാസൗകര്യം ഉപയോഗിച്ച് പരമാവധി പരിശോധന നടത്തണം. രോഗലക്ഷണമില്ലാത്തവരിലും കൂടുതലായി പൊതുസമ്പർക്കം നടത്തുന്നവരെ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർമാർ, ജില്ല പോലിസ് മേധാവിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.
