മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 763 പേര്‍ക്ക് വൈറസ്, 707 സമ്പര്‍ക്കരോഗികള്‍

ഉറവിടമറിയാതെ 34 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 513 പേര്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി.

Update: 2020-09-24 12:50 GMT

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. രോഗബാധിതരായവര്‍ ആദ്യമായി 700 കടന്നു. ഇന്ന് 763 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

ആശങ്കാജനകമായ സ്ഥിതിയാണ് നിലവില്‍ ജില്ലയിലുള്ളത്. രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടികള്‍ കര്‍ശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതലും.

707 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 34 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ചുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ടുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം, 513 പേര്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 13,587 പേരാണ് വിദഗ്ധചികില്‍സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

30,356 പേര്‍ നിരീക്ഷണത്തില്‍

30,356 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,712 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 454 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 2,014 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,53,231 സാംപിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ചത്. ഇതില്‍ 4,414 സാമ്പിളുകളുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Tags: