മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം : അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചു, വിവരം മറച്ചുവെച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി

Update: 2026-01-05 08:23 GMT

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍. പീഡന വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും അത് ദിവസങ്ങളോളം മറച്ചുവെച്ചുവെന്നും സ്‌കൂളില്‍ പോലിസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതെന്നും സ്പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 18നാണ് വിദ്യാര്‍ഥി സഹപാഠിയോട് പീഡന വിവരം തുറന്നു പറയുന്നത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പോലിസില്‍ പരാതി നല്‍കിയില്ല. അതിനാല്‍ വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

സ്‌കൂളിലെ പ്രധാനാധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരോട് ഡിവൈഎസ്പി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കുമെന്നാണ് വിവരം.ഇന്നലെയാണ് സ്‌കൂള്‍ അധ്യാപകനായ അനില്‍ അറസ്റ്റില്‍ ആകുന്നത്. പീഡന വിവരം കുട്ടി സുഹൃത്തിനോട് ആയിരുന്നു വെളിപ്പെടുത്തിയത് സുഹൃത്തു തന്റെ അമ്മയോട് പറയുകയും തുടര്‍ന്ന് കുട്ടുകാരന്റെ 'അമ്മ വഴി പീഡനവിവരം പുറത്തറിയുകയുമായിരുന്നു.