കന്യാസ്ത്രീകള്‍ അതിക്രമം നേരിട്ട സംഭവം; 15 ദിവസത്തിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; ഛത്തീസ്ഗഡ് വനിതാ കമ്മീഷന്‍
റായ്പൂര്‍: കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ അതിക്രമം നേരിട്ട സംഭവത്തില്‍ ഇടപെട്ട് ഛത്തീസ്ഗഡ് വനിതാ കമ്മീഷന്‍. ഇരകളുടെ പരാതിയില്‍ പ്രത്യേകം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കിരണ്‍മയി നായക് പോലിസ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ ദിയോ ഗൗതമിന് കത്തെഴുതി. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഇവര്‍ ശാരീരികമായ അതിക്രമവും ജാതീയാധിക്ഷേപവും നേരിട്ടതായി പരാതി നല്‍കിയിരുന്നു. മൂന്ന് പരാതികളിലും 15 ദിവസത്തിനുള്ളില്‍ പ്രത്യേകം പ്രത്യേകം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എത്രയും വേഗം കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിജിപിയോട് നിര്‍ദേശിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍, ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എന്‍എച്ച്ആര്‍സി) സമീപിക്കുമെന്നും പറഞ്ഞു. 'ഈ വര്‍ഷം ജൂലൈയില്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ച് മൂന്ന് ബജ്റംഗ്ദല്‍ പ്രവര്‍ത്തകര്‍ തങ്ങളെ ശാരീരികമായി ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് മൂന്ന് കന്യാസ്ത്രീകള്‍ സമീപിക്കുകയുണ്ടായി. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കേസില്‍ മൂവരും ഇരകളാണ്' എന്ന് ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കിരണ്‍മയി നായക് പറഞ്ഞു.
ഈ വിഷയത്തില്‍ ഇതുവരെ മൂന്ന് ഹിയറിങുകള്‍ നടന്നെങ്കിലും നോട്ടിസ് നല്‍കിയിട്ടും പ്രതികള്‍ കമ്മീഷനു മുന്നില്‍ ഹാജരായിട്ടില്ല. കമ്മിഷന് മുമ്പാകെ പ്രതികളെ എത്തിക്കുന്നതില്‍ പോലിസ് സൂപ്രണ്ട് പോലും തുടര്‍ച്ചയായ അനാസ്ഥ കാണിച്ചു എന്നും അവര്‍ ആരോപിച്ചു. സംഭവം ജിആര്‍പി പൊലീസ് സ്റ്റേഷന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ (ഡിആര്‍എം) അധികാരപരിധിയിലാണെന്ന് ദുര്‍ഗ് എസ്പി വാദിച്ചപ്പോള്‍, സംസ്ഥാന പൊലീസ് നിയന്ത്രണത്തിലാണെന്ന് ഡിആര്‍എം ഓഫിസ് പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പെന്‍ഡ്രൈവില്‍ ഒരു ഗേറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഇത് തെളിവ് നശിപ്പിക്കാന്‍ ഡിആര്‍എം സഹായിക്കുന്നുണ്ടെന്ന് സംശയം ജനിപ്പിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. ജൂലായ് 25 നാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയെന്നാരോപിച്ച് ബജ്റംഗ്ദല്‍ പ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് കത്തോലിക്കാ കന്യാസ്ത്രീകളായ പ്രീതി മേരി (55), വന്ദന ഫ്രാന്‍സിസ് (53) എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവായ സുഖ്മാന്‍ മാണ്ഡവിയെയും റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു.

