കോഴിക്കോട് പുതുപ്പാടിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് മുന്നൂറു പേർ
ആരോഗ്യ പ്രവര്‍ത്തകര്‍ ദിനേന സ്ഥിതികള്‍ ആരായുന്നുണ്ടെന്നും കര്‍ശനമായ ഹോം ക്വാറന്റൈന് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
കോഴിക്കോട് : കോഴിക്കോട് പുതുപ്പാടിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് മുന്നൂറു പേർ. അതില്‍ ഇരുനൂറ്റിനാല്പ്പത്തിനാലു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ബാക്കിയുള്ളവര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള പഞ്ചായത്തുകളിലൊന്നാണ് പുതുപ്പാടി.
ആരോഗ്യ പ്രവര്‍ത്തകര്‍ ദിനേന ഫോണില്‍ വിളിച്ച് സ്ഥിതികള്‍ ആരായുന്നുണ്ടെന്നും കര്‍ശനമായ ഹോം ക്വാറന്റൈന് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ സബീന മുസ്തഫ പറഞ്ഞു. കാസര്‍കോട് ഇന്നലെ കൊറോണ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം എയര്‍പോര്‍ട്ടില്‍ നാലു മണിക്കൂറോളം ഉണ്ടായിരുന്ന 22 കാരനും ക്വാറന്റയിന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വയനാട് ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത് എന്ന നിലയിലും ബംഗളൂരു, മൈസൂര്‍ വാഹനങ്ങള്‍ കടന്നു പോകുന്ന പഞ്ചായത്ത് എന്ന നിലയിലും വാഹനങ്ങളിലും മറ്റും പരിശോധനയും സുരക്ഷാമാര്‍ഗങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.