ഐതിഹ്യാധിഷ്ഠിത രാഷ്ട്രീയ ചൂഷണമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി: ഇ എം അബ്ദുറഹ്മാന്‍
മുസ് ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഏകദൈവ വിശ്വാസത്തില്‍ നിന്ന് അവര്‍ വ്യതിചലിച്ചിട്ടില്ലെന്ന് മുഖ്യാതിഥിയായിരുന്ന സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ പറഞ്ഞു.
കോട്ടയം: ഐതിഹ്യങ്ങളിലുള്ള അന്ധവിശ്വാസമാണ് ഈശ്വര സാമീപ്യത്തിന്റെ വഴിയെന്ന് ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന വലതുപക്ഷ രാഷ്ട്രീയ ചൂഷണമാണ് ഇന്ന് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം ഇ എം അബ്ദുറഹ് മാന്‍ പറഞ്ഞു. 'ദൈവമൊന്ന് മനുഷ്യരൊന്ന് ' എന്ന പ്രമേയം മുന്‍നിര്‍ത്തി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നടത്തിവരുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സത്യമതം ഒരേസമയം ദൈവികവും മാനവികവും ആണ്. ഒരു ദൈവം എന്ന വിശ്വാസം വ്യക്തിയിലും സമൂഹത്തിലും രാഷ്ട്രത്തിലും സൃഷ്ടിക്കുന്ന മാറ്റമാണ് മാനവികമായ ജീവിതസമീപനം.
മതപൗരോഹിത്യവും മൂലധന രാഷ്ട്രീയശക്തികളും ചേര്‍ന്നു നമ്മുടെ നാടിനെ ഒരു വിദ്വേഷ രാഷ്ട്രമാക്കിയിരിക്കുന്നു. മര്യാദാപുരുഷനെന്നു വാഴ്ത്തപ്പെട്ട ശ്രീരാമനെ കേവലം ഒരു രാഷ്ട്രീയ ചട്ടുകമായി ദുരുപയോഗം ചെയ്യുന്നു. രാമജന്മസ്ഥാനമെന്ന കെട്ടുകഥ മെനഞ്ഞു പള്ളിപൊളിച്ചു അമ്പലം പണിയുന്നതിന് പരമോന്നത നീതിപീഠം പോലും കൂട്ടുനില്‍ക്കുന്നു. മനുഷ്യര്‍ക്കിടയില്‍ സമനീതി സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുന്ന യഥാര്‍ത്ഥ മത നവോത്ഥാനത്തിന്റെ മാതൃകയാണ് മുഹമ്മദ് നബിയുടെ ജീവിതം. ആ പ്രവാചക ദൗത്യത്തിന്റെ സത്യസന്ധമായ പിന്തുടര്‍ച്ചയാണ് മുസ് ലിംകളില്‍ നിന്ന് ഇന്ത്യന്‍ സമൂഹം തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ് ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഏകദൈവ വിശ്വാസത്തില്‍ നിന്ന് അവര്‍ വ്യതിചലിച്ചിട്ടില്ലെന്ന് മുഖ്യാതിഥിയായിരുന്ന സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ പറഞ്ഞു. മുഹമ്മദ് നബി തന്നെ ആരാധിക്കരുതെന്ന് അണികളോട് തറപ്പിച്ചു പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് അനേക വിഗ്രഹങ്ങളുണ്ടാകുമായിരുന്നു. സമത്വവും സാഹോദര്യവും സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ടി അബ്ദു റഹ് മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, മുഹമ്മദ് അര്‍ശദ് നദ് വി, എ പി ഷിഫാര്‍ മൗലവി അല്‍ കൗസരി, ഹാഫിസ് ഉനൈസ് മൗലവി അല്‍ ഖാസിമി, മുഹമ്മദ് ഇസ്മായില്‍ മൗലവി അല്‍ ഖാസിമി, ഇ എ അബ്ദുല്‍ നാസര്‍ മൗലവി അല്‍ കൗസരി, മുഹമ്മദ് ത്വാഹ മൗലവി അല്‍ ഖാസിമി, കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി, പി കെ സുലൈമാന്‍ മൗലവി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, മുഹമ്മദ് സാദിഖ് മൗലവി അല്‍ ഖാസിമി, ജമാലുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

