തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ അധ്യാപക പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയതായി ആരോപണം
വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന പിഎച്ച്ഡി ഉള്‍പ്പെടെയുള്ള അധികയോഗ്യത ഉണ്ടെങ്കില്‍ മാത്രമേ അഭിമുഖത്തിനു വെയിറ്റേജ് മാര്‍ക്ക് നല്‍കാവൂയെന്ന നിയമം കാറ്റില്‍ പറത്തിയാണ് പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്‌കൂളുകളിലേക്കുള്ള അധ്യാപക പട്ടികയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഷ്ടക്കാരെ തിരുകി കയറ്റിയതായി ആരോപണം. ഇതിനെ തുടര്‍ന്ന് അഭിമുഖത്തില്‍ പങ്കെടുത്തവര്‍ ഹൈക്കോടതിയേയും ഗവര്‍ണറേയും സമീപിക്കാന്‍ ഒരുങ്ങുന്നതായി വിവരം. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന പിഎച്ച്ഡി ഉള്‍പ്പെടെയുള്ള അധികയോഗ്യത ഉണ്ടെങ്കില്‍ മാത്രമേ അഭിമുഖത്തിനു വെയിറ്റേജ് മാര്‍ക്ക് നല്‍കാവൂയെന്ന നിയമം കാറ്റില്‍ പറത്തിയാണ് പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
പട്ടികയില്‍ ആദ്യ റാങ്കുകാരായി ഇടംപിടിച്ചവരില്‍ പലര്‍ക്കും വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഉള്‍പ്പെടെയുള്ള അധിക യോഗ്യത ഉണ്ടായിരുന്നില്ല. പിഎച്ച്ഡിയും മറ്റ് ഉന്നത യോഗ്യതയും ഉള്ളവരെ തഴഞ്ഞാണു കൊവിഡിന്റെ മറവില്‍ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ആരോപണം. മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, മാത്സ്, ഡ്രോയിങ്, ഹിസ്റ്ററി വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. ഇതില്‍ ഏറ്റവുമധികം ക്രമക്കേട് മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്. നാലു ഒഴിവാണ് ആകെയുള്ളത്. 12 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ റാങ്കില്‍ ഇടം നേടിയവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡിയും അഞ്ചു വര്‍ഷത്തെ അധ്യാപന പരിചയവും ഇല്ലായിരുന്നെന്നാണ് ആരോപണം. ഇവര്‍ക്കു പിഎച്ച്ഡിയുടെ വെയിറ്റേജ് മാര്‍ക്ക് നല്‍കി. അതേസമയം, വിജ്ഞാപന സമയത്ത് ഉയര്‍ന്ന യോഗ്യതയുണ്ടായിരുന്നവരെ അഭിമുഖത്തിനു മാര്‍ക്ക് കുറച്ചിട്ട് റാങ്ക് പട്ടികയില്‍ പിന്നിലാക്കിയെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. പ്രായപരിധി കഴിയാന്‍ പോകുന്നവരെപ്പോലും പരിഗണിക്കാതെ സ്വന്തക്കാരെ തിരുകിക്കയറ്റിയത്രേ.
