യുവാവിന്റെ സംഘര്‍ഷഭരിതമായ ജീവിതം; പ്രേക്ഷകപ്രീതി നേടി ഒലെഗ്

ബ്രസല്‍സ് അന്താരാഷ്ട്ര മേളയില്‍ നാഷണല്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് ഒലെഗ്.

Update: 2019-12-07 01:01 GMT

തിരുവനന്തപുരം: രാജ്യാന്തര മേളയുടെ ആദ്യ ദിനം ജൂറിസ് കര്‍സൈറ്റിസ് സംവിധാനം ചെയ്ത 'ഒലെഗ്' കീഴടക്കി. ലോകചലച്ചിത്രങ്ങളുടെ 15 വൈവിധ്യ കാഴ്ചകളില്‍ ലാത്വിയന്‍ സിനിമ ഒലെഗ് പ്രേക്ഷകരുടെ മനം നിറച്ചു. മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം നടന്ന സിനിമ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. ഒലെഗ് എന്ന ചെറുപ്പക്കാരന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതം ഹൃദയ സ്പര്‍ശിയായിരുന്നു എന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. ബ്രസല്‍സ് അന്താരാഷ്ട്ര മേളയില്‍ നാഷണല്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് ഒലെഗ്.

ടാഗോറില്‍ തന്നെ പ്രദര്‍ശനത്തിനെത്തിയ ഭൂട്ടാന്‍ ചിത്രം ലുണാന -എ യാക് ഇന്‍ ദി ക്ലാസ്സ്റൂമും, മൊറോക്കന്‍ ചിത്രം ആദമും വേറിട്ടതായിരുന്നു. ലുണാന ഉഗ്യന്‍ എന്ന അദ്ധ്യാപകന്റെ ആത്മീയ യാത്ര പറഞ്ഞപ്പോള്‍, രണ്ട് സ്ത്രീകളുടെ അപൂര്‍വമായ വ്യക്തിബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആദം ഒരുക്കിയിരുന്നത്. ഫ്രഞ്ച് സിനിമ സ്റ്റീഫന്‍ ബാറ്റുവിന്റെ ബേര്‍ണിങ് ഗോസ്‌റ്റ്, അംജദ് അബു അലാലയുടെ യു വില്‍ ഡൈ അറ്റ് ട്വന്റി, അര്‍മാന്‍ഡോ കാപോയുടെ അഗസ്ത് എന്നിവയാണ് ആദ്യദിനം പ്രദര്‍ശനത്തിനെത്തിയ മറ്റു പ്രമുഖ സിനിമകള്‍. ഉദ്ഘാടന ചടങ്ങിന് ശേഷം സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്സ്ഡ് ബൈ സെന്‍സര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

Tags: