സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച; ശിവന്‍കുട്ടിക്കെതിരേ സമസ്ത

Update: 2025-07-15 07:24 GMT
സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച; ശിവന്‍കുട്ടിക്കെതിരേ സമസ്ത

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ് ലിം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. 'ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക. മുസ് ലിം സമുദായത്തൈ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ്ങളെ വിരട്ടാന്‍ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങള്‍ക്കും പറയാം' - ഉമര്‍ ഫൈസി പറഞ്ഞു.

അതേസമയം, സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു.ഈ വിഷയം സംസാരിക്കുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. സ്‌കൂള്‍ സമയമാറ്റത്തിലുള്ള ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. സമസ്തയെ ഈ കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.




Tags: