27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാന്‍ ദേവികുളം സബ് കലക്ടര്‍ അനുമതി നല്‍കിയത്.

Update: 2019-10-19 03:01 GMT

ഇടുക്കി: വട്ടവടയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാന്‍ ദേവികുളം സബ് കലക്ടര്‍ അനുമതി നല്‍കിയത്. ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്റെ സാന്നിധ്യത്തില്‍ രാവിലെ 10 മണിയോടെയാവും കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്ന നടപടികള്‍ ആരംഭിക്കുക. വട്ടവട കോവിലൂരിലെ പൊതുശ്മശാനത്തിലാണ് കുഞ്ഞിനെ സംസ്‌കരിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോവിലൂര്‍ സ്വദേശികളായ തിരുമൂര്‍ത്തി- വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള മകള്‍ മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. അമ്മ വിശ്വലക്ഷ്മി മുലപ്പാല്‍ നല്‍കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ ഉടന്‍ വട്ടവടയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൂന്നുമണിയോടെ കുഞ്ഞിനെ സംസ്‌കരിച്ചു. എന്നാല്‍, ഇക്കാര്യം ഡോക്ടറോ ബന്ധുക്കളോ പോലിസിനെ അറിയിച്ചില്ല. മരണത്തില്‍ അയല്‍വാസികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് വിശ്വലക്ഷ്മിയുമായി പിണങ്ങി മാറിത്താമസിക്കുന്ന തിരുമൂര്‍ത്തി മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. 

Tags:    

Similar News