ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവു കിട്ടി. കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതോടെ അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചു. അനിതയ്ക്ക് പിന്തുണയുമായി ഐസിയു പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തി വന്നിരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായത്.
2023 മാര്‍ച്ച് 18 നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ വെച്ച് എംഎം ശശീന്ദ്രനെന്ന അറ്റന്‍ഡറാണ് പീഡിപ്പിച്ചത്. ഇക്കാര്യം അതിജീവിത ബൈസ്റ്റാന്‍ഡറോടും, ഡ്യൂട്ടി നഴ്‌സിനോടും വെളിപ്പെടുത്തി. പിന്നീട് മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം അറ്റന്‍ഡര്‍ക്കെതിരായ മൊഴി മാറ്റാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റര്‍ പിബി അനിതയാണ് ഇക്കാര്യം സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത്.
