കൊവിഡ് വ്യാപനം; ഐസിഎംആർ കേരളത്തിൽ പഠനം തുടങ്ങി

ഐസിഎംആർ നിയോഗിച്ച സംഘം 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. 20 അംഗസംഘമാണ് കേരളത്തിൽ പരിശോധന നടത്തുന്നത്.

Update: 2020-05-17 12:00 GMT

തി​രു​വ​ന​ന്ത​പു​രം: കൊവിഡിൻ്റെ സമൂഹവ്യാപനമറിയാൻ ഐസിഎംആറിൻ്റെ പ്രത്യേകസംഘം കേരളത്തിൽ പഠനം തുടങ്ങി. ഐസിഎംആർ നിയോഗിച്ച സംഘം 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. 20 അംഗസംഘമാണ് കേരളത്തിൽ പരിശോധന നടത്തുന്നത്. പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാമ്പിൾ ശേഖരിക്കുക. 

കൂടാതെ, ഓരോ ജില്ലകളിൽ നിന്നും പത്ത് പഞ്ചായത്തുകളെ തിരഞ്ഞെടുക്കും. ഓരോ പഞ്ചായത്തിലെയും 40 പേരുടെ രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. നിലവിൽ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുക്കുക. രോഗമുണ്ടോ എന്നതിനൊപ്പം സമൂഹവ്യാപനം ഉണ്ടായോയെന്നും ആന്റി ബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധ ശേഷി കൈവരിച്ചോയെന്നും പരിശോധിക്കും. 

Tags: