തൃശൂര്‍: ഭര്‍ത്താവ് തീക്കൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തൃശൂര്‍ മാള സ്വദേശിനി മാള വടമ പാണ്ഡ്യാലക്കല്‍ അനൂപിന്റെ ഭാര്യ സൗമ്യ(30) യാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് യുവതിയെ തീക്കൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു സൗമ്യ. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് വടമ പാണ്ട്യാലക്കല്‍ അനൂപിനെ പോലിസ് അറസ്റ്റുചെയ്തിരുന്നു. വീടിന് പുറത്ത് യുവതി വസ്ത്രങ്ങള്‍ അലക്കുന്നതിനിടയില്‍ മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തിനുശേഷം മാളയിലെത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനൂപിനെ പോലിസ് പിടികൂടുകയായിരുന്നു.